palakkad local

അങ്കണവാടി ജീവനക്കാരുടെ അധിക വേതനം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇരുട്ടടിയാവുന്നു

എം വി വീരാവുണ്ണി

പട്ടാമ്പി: വര്‍ധിപ്പിച്ച അങ്കണവാടി ജീവനക്കാരുടെ അധിക വേതനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇരുട്ടടിയാവുന്നു. 2015 ആഗസ്ത് 27ന് പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം വര്‍ദ്ധിപ്പിച്ച 3400 രൂപയില്‍ ആയിരം സര്‍ക്കാറും 2400 രൂപ ബന്ധപ്പെട്ട പ്രാദേശിക തദേശ സ്വയംഭരണ വകുപ്പിലെ ഗ്രാമപ്പഞ്ചായത്തോ നഗര സഭയോ കോര്‍പറേഷനോ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
തുടര്‍ന്നു 2016 ഏപ്രിലില്‍ പുറത്തിറക്കിയ ഉത്തരവിന്‍ പ്രകാരം വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സമയ ബന്ധിതമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കുവാനും പിന്നീട് വരുന്ന പദ്ധതി വിഹിതങ്ങളില്‍ ഈ തുക കൂടി ഉള്‍പ്പെടുത്താനുമാണ് നിര്‍ദേശം നല്‍കിയത്.
പദ്ധതി വിഹിതങ്ങള്‍ക്ക് പുറമെ ഇരുപത്തഞ്ച് ലക്ഷം രൂപ കൂടി ഒരോ തദ്ദേശ ഭരണകൂടം മാറ്റി വെക്കേണ്ടി വരും. നിലവില്‍ അങ്കണവാടി കുട്ടികളുടെ പോഷകാഹാരങ്ങള്‍ക്ക് വേണ്ടി ഇരുപത് മുതല്‍ ഇരുപത്തഞ്ച് ലക്ഷം രൂപ നീക്കി വെക്കുന്നതിന് പുറമേയാണിത്. അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് 2016 ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ കഴിഞ്ഞ 30ാം തിയ്യതിയിലെ ഉത്തരവ് അനുശാസിക്കുന്നത് ആദ്യം ഫണ്ട് ചെലവഴിക്കാനും പിന്നീട് പദ്ധതി വിഹിതം അനുവദിച്ചതില്‍ നിന്നും 'അക്കൗണ്ട് അഡ്ജസ്റ്റ്‌മെന്റ്' നടത്താനുമുള്ള നിര്‍ദേശമാണ്.
നികുതി വരുമാനത്തില്‍ നിന്നും ലഭിക്കുന്ന തനത് ഫണ്ടില്‍ നിന്നും ഈ തുക കണ്ടെത്തണമെന്നാണ് ബന്ധപ്പെട്ട കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ശുപാര്‍ശ. തനത് ഫണ്ടില്ലെങ്കില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും സാക്ഷ്യപ്പെടുത്തിയാല്‍ പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന മറ്റു വികസന ഫണ്ടില്‍ നിന്നും വകമാറ്റി താല്‍കാലികമായി ചിലവഴിക്കാമെന്നുമാണ് നിര്‍ദ്ദേശം.
ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അങ്കണവാടി അധ്യാപികമാരുടെ വേതന പരിഷ്‌കരണം മൊത്തത്തില്‍ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കു തന്നെ ഫണ്ടുകള്‍ യഥാസമയം ലഭിക്കാത്തതിനാല്‍ കാലതാമസം നേരിടുമ്പോള്‍ ഇതു കൂടിയായാല്‍ പദ്ധതി നടത്തിപ്പുകളാകെ അവതാളത്തിലാവുമെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it