അങ്കണവാടിയിലും യൂനിഫോം: പദ്ധതി പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലും യൂനിഫോം നടപ്പാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍. ഇതുസംബന്ധിച്ച് ഐസിഡിഎസ് വിഭാഗം സമര്‍പ്പിച്ച നിര്‍ദേശമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കുട്ടികള്‍ക്ക് സൗജന്യമായി രണ്ടു ജോഡി യൂനിഫോം നല്‍കാനാണ് ഐസിഡിഎസ് സമര്‍പ്പിച്ച നിര്‍ദേശത്തിലുള്ളത്. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ടും ട്രൗസറും പെണ്‍കുട്ടികള്‍ക്ക് പാവാടയും ടോപ്പും യൂനിഫോമാക്കാനാണ് ആലോചന. 25 കോടി രൂപയുടെ പദ്ധതി നിര്‍ദേശമാണ് ഐസിഡിഎസ് വിഭാഗം സാമൂഹികനീതി വകുപ്പിനു സമര്‍പ്പിച്ചത്. പദ്ധതി സജീവ പരിഗണനയിലായതോടെ കുരുന്നുകള്‍ക്കായി മികച്ച യൂനിഫോം രൂപകല്‍പന ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഐസിഡിഎസ്. അനുമതിയായാല്‍ ഈ അധ്യയനവര്‍ഷം പകുതിയോടെയെങ്കിലും യൂനിഫോം വിതരണം നടത്താനാകുമെന്നാണ് പ്രതീക്ഷ. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും യൂനിഫോമായി സാരി നല്‍കാനും ഇതോടൊപ്പം പദ്ധതിയുണ്ട്. നാലു കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. പുതിയ അധ്യയനവര്‍ഷം അങ്കണവാടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹികനീതി വകുപ്പ് രൂപംനല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അങ്കണവാടി പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി. അങ്കണവാടികളെ ഉന്നതനിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. അങ്കണവാടികള്‍ സോഷ്യല്‍ ഓഡിറ്റിങിനു വിധേയമാക്കുക വഴിയും കൂടുതല്‍ ജനകീയമാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 14 ജില്ലയിലുമായി അങ്കണവാടികളോട് ചേര്‍ന്ന് 250 ക്രഷ് ആരംഭിക്കാനുള്ള നടപടിക്കും തുടക്കമായി. ഇതിലൂടെ കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാവും. ഇതിനായി കെട്ടും മട്ടും പരിഷ്‌കരിച്ച് കൂടുതല്‍ പഠന-വിനോദ സൗകര്യങ്ങള്‍ ഒരുക്കാനും ആലോചനയുണ്ട്. ഇക്കുറി ജൂണ്‍ 7നാണ് അങ്കണവാടി പ്രവേശനോല്‍സവം സംഘടിപ്പിക്കുന്നത്. പൂര്‍വവിദ്യാര്‍ഥികള്‍, ആദ്യകാല വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍ എന്നിവരെ ആദരിക്കല്‍ ഉള്‍െപ്പടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെ പ്രവേശനോല്‍സവം ഗംഭീരമാക്കുന്നതിനും സാമൂഹികക്ഷേമ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it