അങ്കണവാടികള്‍ക്കു വെളിച്ചം പകര്‍ന്ന് ജമാലിന്റെ ഇടപെടല്‍

കോഴിക്കോട്: നമ്പര്‍ ഇല്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി. കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് അംഗവും എസ്ഡിപിഐ നേതാവുമായ വി ജമാലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നടപടി.
സാമൂഹിക നീതിവകുപ്പ് ഓഫിസറോ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ നല്‍കുന്ന ബോണ്ടിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ആവശ്യമായ ഉത്തരവു പുറപ്പെടുവിക്കാനാണ് കമ്മീഷന്‍ അംഗം കെ നസീര്‍ വൈദ്യുതി ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ ചാലിയം കൈതവളപ്പ് അങ്കണവാടിക്ക് കെട്ടിട നമ്പര്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി ലഭിക്കുന്നില്ലെന്നുകാട്ടി ഗ്രാമപ്പഞ്ചായത്ത് അംഗം വി ജമാല്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു.
ഏഴ് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടിക്ക് വൈദ്യുതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചിരുന്നെങ്കിലും കെട്ടിടത്തിന് നമ്പര്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. കെട്ടിടത്തിന് നമ്പര്‍ ലഭ്യമാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തീരദേശ പരിപാലന നിയമപ്രകാരം 200 മീറ്ററിനുള്ളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലെന്നും അതിനാല്‍ അങ്കണവാടി കെട്ടിടത്തിന് നമ്പര്‍ നല്‍കാനാവില്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
അങ്കണവാടിക്ക് വൈദ്യുതി ലഭിക്കുന്നതിനാവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ജമാലുമെല്ലാം നിരന്തരം അധികൃതരെ സമീപിച്ചെങ്കിലും ബന്ധപ്പെട്ടവര്‍ ഇതിനോട് പുറംതിരിഞ്ഞ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജമാല്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്. തന്റെ വാര്‍ഡിലെ പിഞ്ചുകുഞ്ഞുങ്ങളെ സഹായിക്കാന്‍ നടത്തിയ ശ്രമം സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികള്‍ക്കും തുണയായതിലുള്ള ആശ്വാസത്തിലാണ് ജമാല്‍.
Next Story

RELATED STORIES

Share it