അങ്കക്കളത്തില്‍ ഉശിരന്‍ പോരിനായി മലപ്പുറത്ത് മൂന്ന് സ്വതന്ത്രര്‍

മുജീബ് പുള്ളിച്ചോല

മലപ്പുറം: മലപ്പുറം ജില്ലയിലെ ഇടതു പാളയത്തില്‍ മൂന്ന് സ്വതന്ത്രര്‍ അങ്കത്തിനിറങ്ങുമ്പോള്‍ അതിന് മാനങ്ങളേറെയാണ്. സിപിഎം ബെല്‍റ്റില്‍ ഇടതിന് ശക്തമായ വേരോട്ടമുള്ള നിലമ്പൂര്‍, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലാണ് മൂന്ന് സ്വതന്ത്രര്‍ പോരിനിറങ്ങുന്നത്. മൂന്നിടങ്ങളിലും അറിയപ്പെടുന്ന വ്യവസായികളാണ് ജനവിധി തേടുക. 'സീറ്റ് കച്ചവടം' നടത്തിയെന്ന ആരോപണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ താളപ്പിഴയ്ക്ക് ഇടവരുത്തി. എതിര്‍ സ്ഥാനാര്‍ഥികള്‍ മൂന്നിടങ്ങളിലും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നേറുമ്പോള്‍ അണികളുടെ 'മനസ്സമ്മതം' തേടലാണ് ഇടതു പാളയത്തില്‍ നടക്കുന്നത്.
കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ചാണക്യന്‍ ആര്യാടന്‍ മുഹമ്മദ് കളമൊഴിഞ്ഞ് മകന്‍ ആര്യാടന്‍ ഷൗക്കത്തിന് ബാറ്റണ്‍ കൈമാറിയ നിലമ്പൂരില്‍ ഇടതിനുവേണ്ടി പോരിനിങ്ങുന്നത് പി വി അന്‍വറാണ്. എഐസിസി അംഗവും എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ്.
താനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ വി അബ്ദുറഹിമാനാണ് ഇടതു സ്ഥാനാര്‍ഥി. പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ മുസ്‌ലിംലീഗിലെ ഇ ടി മുഹമ്മദ് ബഷീറിനെതിരേ അബ്ദുറഹിമാന്‍ ശക്തമായ പോരാട്ടം നടത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭ ഭരണം പിടിച്ചെടുത്തപ്പോള്‍ കിങ് മേക്കറായി അബ്ദുറഹിമാന്‍ ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടുകൂടി ഇടതിന് പ്രതീക്ഷ വര്‍ധിച്ച മണ്ഡലമാണ് താനൂര്‍. കഴിഞ്ഞ തവണ 9,433 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ അബ്ദുറഹിമാന്‍ രണ്ടത്താണി വിജയിച്ചത്. മണ്ഡലത്തിലെ താനൂര്‍ നഗരസഭയും രണ്ടു പഞ്ചായത്തുകളും ലീഗ് ഭരിക്കുമ്പോള്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതിനാണ് ഭരണം. വി അബ്ദുറഹിമാന് മണ്ഡലത്തിലുള്ള ജനകീയമുഖം വോട്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ലീഗിന് കാലിടറിയ തിരൂരില്‍ ഇടതിനുവേണ്ടി പോരിനിറങ്ങുന്നത് വ്യവസായി ഗഫൂര്‍ പി ലില്ലീസാണ്. 2006ല്‍ എല്‍ഡിഎഫ് കൈക്കലാക്കിയ മണ്ഡലം കഴിഞ്ഞ തവണ സി മമ്മുട്ടിയിലൂടെ ലീഗ് പിടിച്ചെടുത്തു. തദ്ദേശ തിരഞ്ഞുടപ്പ് ഫലം വന്നപ്പോള്‍ മണ്ഡലത്തിലെ ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു. ഇതാണ് മണ്ഡലത്തില്‍ ഇടതിന് പ്രതീക്ഷ നല്‍കുന്നത്.
Next Story

RELATED STORIES

Share it