Flash News

അങ്കം മുറുകുന്നു; കര്‍ണാടക എങ്ങോട്ട്

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിന് ഇനി 10 നാള്‍ മാത്രം. വേനല്‍ച്ചൂടിനൊപ്പം പാര്‍ട്ടികളുടെ ചങ്കിടിപ്പും ഏറുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രിയതയുടെ ബലത്തി ല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമോ, അതോ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി ബിജെപി അട്ടിമറിക്കുമോ എന്നതാണു  ഏത് ആള്‍ക്കൂട്ടത്തിലെയും ചര്‍ച്ചാ വിഷയം.
ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടക കോണ്‍ഗ്രസ്സില്‍ നിന്നു തിരിച്ചുപിടിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ബിജെപിയുടെ സ്റ്റാര്‍ കാംപയിനര്‍മാര്‍ മുഴുവന്‍ അങ്കക്കളത്തിലുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ മെച്ചപ്പെട്ട പ്രകടനത്തിനു പിന്നാലെ കര്‍ണാടകയും പിടിക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യയിലേക്കു കൂടി സ്വാധീനം വ്യാപിപ്പിക്കാന്‍ ബിജെപിക്കു സാധിക്കും. അതേസമയം, കോണ്‍ഗ്രസ് നിലനിര്‍ത്തിയാല്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ തേരോട്ടം തടഞ്ഞുനിര്‍ത്താനായതില്‍  അഭിമാനിക്കാം.  അഭിപ്രായ വോട്ടെടുപ്പുകളും ഫോട്ടോ ഫിനിഷ് പ്രവചിക്കുമ്പോള്‍  നിര്‍ണായക സ്വാധീനമുള്ള ലിംഗായത്തുകളെയും വൊക്കലിംഗകളെയും പാട്ടിലാക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടികള്‍.
സംസ്ഥാനത്തെ ജനമനസ്സ് എങ്ങോട്ടെന്നതിന്റെ സൂചന ന ല്‍കുന്നതു പ്രധാനമായും എട്ടു മണ്ഡലങ്ങളാണ്. ശിരാഹട്ടി, യെല്‍ബുര്‍ഗ, ജെവാര്‍ഗി, ഗഡഗ്, ഹാരപ്പനഹള്ളി, ബൈന്ദൂര്‍, തരികെരെ, ഡാവന്‍ഗെരെ എന്നിവയാണു മിക്ക തിരഞ്ഞെടുപ്പുകളിലും സംസ്ഥാന വിജയികളോടൊപ്പം നിന്നിട്ടുള്ള മണ്ഡലങ്ങള്‍. കഴിഞ്ഞ 12 തിരഞ്ഞെടുപ്പുകളിലും (ഏഴ് നിയമസഭാ തിരഞ്ഞെടുപ്പും അഞ്ചു ലോക്‌സഭാ തിരഞ്ഞെടുപ്പും) വിരാഹട്ടി ആരോടൊപ്പം നിന്നോ അവര്‍ക്കായിരുന്നു സംസ്ഥാന ഭരണം.
നരേന്ദ്രമോദിയോ, അമിത് ഷായോ പ്രചാരണത്തിനെത്തുന്നതു തന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ലെന്നു ബദാമിയില്‍ നിന്ന് മല്‍സരിക്കുന്ന സിദ്ധാരാമയ്യ പറയുന്നു. യോഗി ആദിത്യനാഥ് വര്‍ഗീയ കാര്‍ഡ് കളിക്കുകയാണ്. അദ്ദേഹം സംസ്ഥാനത്തു വരികയാണെങ്കില്‍ അതു കോണ്‍ഗ്രസ്സിനാണ് ഗുണം ചെയ്യുക. ലിംഗായത്ത് വിഷയം താന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന ഒന്നല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിയുടെ പ്രധാന വോട്ട്ബാങ്കായ ലിങ്കായത്തുകളെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമായിരുന്നു ഇവര്‍ക്ക് മതപദവി നല്‍കിയതിനു പിന്നില്‍. സംസ്ഥാനത്തെ മറ്റൊരു പ്രധാന ജാതിവിഭാഗമായ വൊക്കലിംഗകളില്‍ കൂടുതല്‍ സ്വാധീനം കോണ്‍ഗ്രസ്സിനാണ്. കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലെ ശരാശരി എടുത്താല്‍ വൊക്കലിംഗ ബെല്‍റ്റില്‍ കോണ്‍ഗ്രസ്സിന് 35 ശതമാനം വോട്ടും ബിജെപിക്ക് 31 ശതമാനം വോട്ടുമാണ് ലഭിച്ചത്. ജെഡിഎസിന് 27 ശതമാനം പിന്തുണ ലഭിച്ചു. മുസ്്‌ലിം ഭൂരിപക്ഷ മേഖലകളിലും (42 ശതമാനം), പട്ടിക വിഭാഗ മേഖലകളിലും (38 ശതമാനം) കോണ്‍ഗ്രസ്സിനു തന്നെയാണു സ്വാധീനം. കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലെ ഫലങ്ങളുടെ ശരാശരി എടുത്താല്‍ ലിംഗായത്തുകളില്‍ 44 ശതമാനം ബിജെപിയോടൊപ്പമായിരുന്നു. കോണ്‍ഗ്രസ്സിന് 37 ശതമാനവും ജെഡിഎസിന് 11 ശതമാനവും പിന്തുണ ലഭിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണരംഗം വീക്ഷിച്ചാല്‍ സിദ്ധാരാമയ്യയും എതിര്‍ പാര്‍ട്ടികളിലെ ദേശീയ നേതാക്കളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണു നടക്കുന്നതെന്നു വ്യക്തമാവും. ബിജെപിക്ക് മേല്‍ക്കൈ പ്രഖ്യാപിച്ച അഭിപ്രായ വോട്ടെടുപ്പുകളില്‍ പോലും ജനം മുഖ്യമന്ത്രിയായി പരിഗണിച്ചതു സിദ്ധാരാമയ്യയെയായിരുന്നു. ഇത്തരത്തിലൊരു വ്യക്തിപ്രഭാവം യെദ്യൂരപ്പയ്ക്കില്ലെന്നതാണു ബിജെപിയെ അലട്ടുന്നത്. യെദ്യൂരപ്പയുടെ മകനു സ്ഥാനാര്‍ഥിത്വം കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും ബിജെപിക്കു തിരിച്ചടിയായിട്ടുണ്ട്.  ഏതൊരു ഭരണകക്ഷിക്കും തിരഞ്ഞെടുപ്പില്‍ പാരയാവുക അഴിമതിയാണ്. എന്നാല്‍, ബെല്ലാരി സഹോദരങ്ങള്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയതോടെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സിന്റെ അഴിമതിയെക്കുറിച്ച് മിണ്ടാനാവാത്ത സ്ഥിതിയാണ്.  കര്‍ണാടകയിലെ മറ്റൊരു പ്രധാന തിരഞ്ഞെടുപ്പ് വിഷയം വെള്ളമാണ്.
Next Story

RELATED STORIES

Share it