അഗ്നിശമന സേനയിലേക്ക് അഴിമതി വ്യാപിക്കാതിരിക്കാന്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

കോഴിക്കോട്: അഗ്നിശമന സേനയിലേക്ക് അഴിമതി വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ 36ാം സംസ്ഥാന സമ്മേളനം നളന്ദയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ചില കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നതോടെ ചിലതെല്ലാം ഇങ്ങോട്ടും പടരുന്നുവോയെന്നും സംശയമുണ്ട്. നിര്‍മാണമേഖലയില്‍ എന്‍ഒസി നല്‍കാനുള്ള ചുമതല വന്നതോടെയാണ് ഇത്തരത്തിലുള്ള പ്രവണത ഉയര്‍ന്നുവന്നത്. അഴിമതിയുടെ പ്രവണതയുണ്ടായാല്‍ തിരുത്താന്‍ ജാഗ്രതവേണം. സംതൃപ്തമായ സര്‍വീസ് മേഖലയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, രാജ്യത്ത് പൊതുവില്‍ ജോലിസ്ഥിരത തന്നെ ഇല്ലാതാവുന്നു. തൊഴിലാളിയുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവരാനുള്ള ശ്രമം നടക്കുന്നു. നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. അതിനെതിരേ അസോസിയേഷന്‍ ജാഗ്രത പാലിക്കണം. സര്‍വീസ് മേഖല ഇനിയും മാറാനുണ്ട്. ജനങ്ങള്‍ക്ക് അനുകൂലമായ സംസ്‌കാരം വളര്‍ത്തിയെടുക്കണം. ജനങ്ങളാണ് യഥാര്‍ഥ ഉടമകളെന്നു തിരിച്ചറിയണം. സര്‍ക്കാരിനെ സമീപിക്കുന്നവര്‍ കൂടുതലും പാവപ്പെട്ടവരാണ്. അതിനാല്‍, അവരുടെ കാര്യത്തില്‍ ജാഗ്രതവേണം. ആവശ്യങ്ങള്‍ എളുപ്പത്തില്‍ ചെയ്തുകൊടുക്കാനുള്ള മനോഭാവം ജീവനക്കാര്‍ക്കുണ്ടാവണം. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാവുമെന്ന ആശങ്ക കേരളത്തില്‍ വേണ്ട. തൊഴിലാളിവിരുദ്ധ നയങ്ങളൊന്നും ഇവിടെ നടപ്പാക്കില്ല. ദേശീയതലത്തില്‍ സര്‍വീസ് മേഖലയിലുള്ള അനിശ്ചിതത്വവും ആശങ്കയും കേരളത്തില്‍ ഉണ്ടാവില്ല. ഫയര്‍ഫോഴ്‌സ് ദുരന്തനിവാരണ സേനയെന്ന നിലയിലേക്ക് മാറണം. അതിനുള്ള പരിഷ്‌കാരങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it