അഗ്നിവേശിനെ ആക്രമിച്ചത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ പാകുറില്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചതിനു നേതൃത്വം നല്‍കിയത് ബിജെപി, ആര്‍എസ്എസ്, യുവമോര്‍ച്ച സംഘടനകളുമായി ബന്ധമുള്ളവര്‍. ബിജെപിയുമായി ബന്ധമുള്ള ആരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദത്തിനെതിരാണു വസ്തുതകള്‍. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആറില്‍ പേരു പരാമര്‍ശിച്ച എട്ടു പേരും ബിജെപി, ആര്‍എസ്എസ്, യുവമോര്‍ച്ച സംഘടനകളുമായി ബന്ധമുള്ളവരാണ്.
ഇതു കൂടാതെ കണ്ടാലറിയുന്ന 92 പേരാണു മറ്റു പ്രതികള്‍. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളിലൊരാളായ ആനന്ദ് തിവാരി ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സാഹെബ് ഗഞ്ചിലെ പ്രാദേശിക ഭാരവാഹിയാണ്. അതോടൊപ്പം ഒരു സന്നദ്ധ സംഘടനയും നടത്തുന്നുണ്ട്. മറ്റൊരു പ്രതി പിന്റു ദുബെ ബജ്‌രംഗ്ദള്‍ ജില്ലാ കണ്‍വീനറാണ്.
ചെറിയ ബിസ്സിനസും നടത്തുന്നു. പാകുര്‍ ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ പ്രതി അശോക് പ്രസാദ് ബിജെപി നേതാവാണ്. ബജ്‌രംഗ്ദള്‍ ജില്ലാ തലവനാണു പ്രസന്ന മിശ്ര. കുട്ടിക്കാലം മുതല്‍ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്. മെഡിക്കല്‍ മേഖലയില്‍ ബിസിനസ് നടത്തുന്നു. ദേശീയതയുടെ യഥാര്‍ഥ താല്‍പര്യത്തിനു വിരുദ്ധമായി അഗ്നിവേശ് നിരന്തരം പ്രസ്താവനകള്‍ നടത്തിയതിനാലാണു തങ്ങള്‍ ആക്രമിച്ചതെന്ന് പ്രസന്ന മിശ്ര ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞു. അദ്ദേഹം നക്‌സലുകളെ പിന്തുണയ്ക്കുന്നു. ചര്‍ച്ചിന്റെ ഏജന്റായി ആദിവാസികള്‍ക്കിടയില്‍ പണിയെടുക്കാനാണ് അഗ്‌നിവേശ് ഇവിടെ എത്തിയതെന്നും പ്രസന്ന മിശ്ര പറഞ്ഞു.
സിദ്ദോ-കുഞ്ഞു മുര്‍മു യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമാണ്. ഗോപി ദുബെ ബിജെപി ജില്ലാ സെക്രട്ടറിയാണ്. അതോടൊപ്പം പൊതുമരാമത്തിനു കീഴിലുള്ള കോണ്‍ട്രാക്ട് ജോലികളും ചെയ്യുന്നു. ബിജെപി പ്രവര്‍ത്തകനായ ബല്‍റാം ദുബെയാണു മറ്റൊരാള്‍. രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണു ബാദല്‍ മണ്ഡല്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ ശിവകുമാറാണു മറ്റൊരു പ്രതി.
Next Story

RELATED STORIES

Share it