thiruvananthapuram local

അഗ്നിരക്ഷാസേനസുരക്ഷാ ക്രമീകരണം ഒരുക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുഗമമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഭക്തജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനുമായി നാല് മേഖലകളായി തിരിച്ചിട്ടുണ്ട്.
ആറ്റുകാല്‍ ക്ഷേത്രവും പരിസരവും ഒന്നാം മേഖലയായും കിഴക്കേകോട്ട പരിസരം രണ്ടാം മേഖലയായും തമ്പാനൂര്‍ പരിസരം മൂന്നാം മേഖലയായും സ്റ്റാച്യു പരിസരം നാലാം മേഖലയായും തരംതിരിച്ചിട്ടുണ്ട്. നാലു മേഖലകളിലായി 96 ഡ്യൂട്ടിപോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി 38 ഓഫിസര്‍മാരെയും 400 ജീവനക്കാരെയും 31 വാട്ടര്‍ ടെണ്ടര്‍, 11 ആംബുലന്‍സുകള്‍, 18 ജീപ്പുകള്‍, അഞ്ച് വാട്ടര്‍ ലോറികള്‍, ഒരു ക്വിക്ക് റെസ്‌പോണ്‍സ് വെഹിക്കിള്‍, ആറു വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകള്‍ കൂടാതെ മറ്റു ആധുനിക സുരക്ഷാ ഉപകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു മേഖലകളിലും ആവശ്യാനുസരണം വാട്ടര്‍മിസ്റ്റ് ഡിസ്റ്റിംഗ്യൂഷര്‍ സഹിതമുള്ള ബുള്ളറ്റ് പെട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്തജനങ്ങള്‍ക്കായി സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കുന്നതിനായി അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് അഗ്നിശമന സേനയോടൊപ്പം കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ ടീമിലെ അംഗങ്ങളെയും ഹോംഗാര്‍ഡുകളെയും നിയോഗിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും മറ്റുമായി പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ ആവശ്യത്തിനായി കുടിവെള്ളം വിതരണം ചെയ്യുന്നതിന് അഞ്ച് വാട്ടര്‍ ടാങ്കറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് പൊങ്കാല ആഘോഷങ്ങള്‍ കഴുയന്നതു വരെ മുഴുവന്‍ സമയവും ഇവയുടെ സേവനം ലഭ്യമാണ്.
അഗ്നിസുരക്ഷ സംബന്ധിച്ചുള്ള ഏത് അടിയന്തരഘട്ടവും നേരിടാന്‍ അഗ്നിസുരക്ഷാ സേന സുസജ്ജമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it