Flash News

അഗ്നിപരീക്ഷ ഇനി ട്വന്റിയില്‍



ന്യൂഡല്‍ഹി: ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ട്വന്റി മല്‍സരം ഇന്ന് ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ നടക്കും. ഏകദിന പരമ്പര ഇന്ത്യ അക്കൗണ്ടിലാക്കിയെങ്കിലും അവസാന നിമിഷം വരെ ആതിഥേയരെ വിറപ്പിച്ച കിവികളുടെ പോരാട്ട വീര്യം ട്വന്റി പരമ്പരയിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
ആത്മവിശ്വാസം ഓള്‍റൗണ്ട് മികവ്
കളിക്കളത്തില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുക്കുന്ന താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. ഓപണിങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവയ്ക്കുന്നത്. ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറി നേടി പരമ്പരയിലെ താരമായ കോഹ്‌ലിയുടെയും നിര്‍ണായക ഏകദിനത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും മികവാവര്‍ത്തിച്ചാല്‍ വിജയം ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം. എന്നാല്‍ മധ്യനിരയുടെ സ്ഥിരതയില്ലായ്മ ഇന്ത്യക്ക് തലവേദനയാവുന്നുണ്ട്. മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍ എന്നിവരെ മധ്യനിരയിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലെ ഇവരുടെ പ്രകടനം നിരാശാജനകമാണ്. എം എസ് ധോണി മധ്യനിരയില്‍ കരുത്ത് പകരാന്‍ ഇറങ്ങുമെങ്കിലും വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മോശം പ്രകടനം ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നു. ഏകദിന പരമ്പരയില്‍ ബാറ്റുകൊണ്ട് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഹര്‍ദിക്കിന് കഴിഞ്ഞിരുന്നില്ല. ആദ്യമായി ഇന്ത്യന്‍ ട്വന്റി ടീമിലേക്ക് വിളി വന്ന ശ്രേയസ് അയ്യര്‍ എ ടീമിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ ഇടയില്ല.ബൗളിങില്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ജസ്പ്രീത് ബൂംറയും ഭുവനേശ്വര്‍ കുമാറും തന്നെയാവും ട്വന്റിയിലും ഇറങ്ങുക. ആശിഷ് നെഹ്‌റയ്ക്ക് വിരമിക്കാനുള്ള അവസരം നല്‍കുന്നതിനായി ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിപ്പിക്കുന്ന കാര്യം സംശയമാണ്. യുവ താരം മുഹമ്മദ് സിറാജിനേയും ട്വന്റി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവസരം ലഭിക്കാനിടയില്ല. സ്പിന്‍ കെണി ഒരുക്കാന്‍ യുസ്‌വേന്ദ്ര ചാഹലിനൊപ്പം അക്‌സര്‍ പട്ടേല്‍ ഇറങ്ങാനാണ് സാധ്യത. ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് വിശ്രമം നല്‍കുമെന്നാണ് വിവരം.
ബാറ്റിങ് കരുത്തില്‍ ന്യൂസിലന്‍ഡ്
കരുത്തുറ്റ ബാറ്റിങ് നിരയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടു പോയ ഏകദിന പരമ്പരയുടെ ക്ഷീണം ട്വന്റി പരമ്പര നേടി മറികടക്കാനുറച്ച് കിവീസ് നിര ഇറങ്ങിയാല്‍ പോരാട്ടം കടുക്കും. ട്വന്റിയിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് മുന്നില്‍ ഇതുവരെ ഒരു ട്വന്റി മല്‍സരം പോലും ജയിച്ചിട്ടില്ലെന്നതും ഇന്ത്യയുടെ സമ്മര്‍ദം ഉയര്‍ത്തുന്നു. എം എസ് ധോണിയുടെ മാജിക്കല്‍ തന്ത്രങ്ങള്‍ക്ക് പോലും കീഴടക്കാന്‍ കഴിയാത്ത കിവീസിന്റെ ട്വന്റി കരുത്തിനെ വിരാട് കോഹ്‌ലി എങ്ങനെ നേരിടുമെന്ന് കണ്ടു തന്നെ അറിയണം.വെടിക്കെട്ട് ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാദം തുടങ്ങി കരുത്തുറ്റ ബാറ്റിങ് നിരയാണ് ട്വന്റിയില്‍ ഇന്ത്യയ്‌ക്കെതിരേ ഇറങ്ങുന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയ കിവീസിന്റെ ബാറ്റിങ് നിര ട്വന്റിയിലും കത്തിക്കയറിയാല്‍ ഇന്ത്യയുടെ കിവീസിനെതിരെയുള്ള ആദ്യ ട്വന്റിജയത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.ബൗളിങ് നിരയില്‍ ഇന്ത്യന്‍ മണ്ണില്‍ പരിചയസമ്പത്തേറെയുള്ള ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. സ്പിന്‍ ബൗളര്‍ മിച്ചല്‍ സാന്ററും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോള്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ മണ്ണില്‍ എന്തുകൊണ്ടും കിവീസിന് ട്വന്റി പരമ്പര ആഗ്രഹിക്കാം.
Next Story

RELATED STORIES

Share it