അഗസ്ത വെസ്റ്റ്‌ലാന്‍ഡ്; യുപിഎ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തു: മന്ത്രി പരീക്കര്‍

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ വേണ്ടി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കിയിരുന്നുവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതില്‍ നിന്ന് ഇടപാടിലെ ഗുണഭോക്താക്കള്‍ ആരാണെന്നു മനസ്സിലാവുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടപാടില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേസില്‍ ആരോപണ വിധേയരായ മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗിയും ഗൗതം ഖയ്ത്താനും അഴിമതിയുടെ 'ഗംഗ'യില്‍ കൈമുക്കിയ ചെറിയ പുള്ളികള്‍ മാത്രമാണ്. ഈ 'ഗംഗ' ഒഴുകിയെത്തിയത് എവിടെയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തും. ഇടപാടിലെ അഴിമതി പുറത്തുവന്നപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് യുപിഎ സര്‍ക്കാര്‍ കമ്പനിക്കെതിരേ നടപടിയെടുത്തത്. 3600 കോടിയുടെ ഇടപാടിലെ അഴിമതിപ്പണം കൈപ്പറ്റിയ പ്രധാന ഗുണഭോക്താക്കളെ സര്‍ക്കാര്‍ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
2011 നവംബറില്‍ ഇറ്റലിയില്‍ കമ്പനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തശേഷവും മൂന്ന് ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നുവെന്നും മന്ത്രി ആരോപിച്ചു. 2013ല്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃസ്ഥാപനമായ 'ഫിന്‍ മെക്കാനിക്ക'യുടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തശേഷമാണ് അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. അതിനുമുമ്പ് സര്‍ക്കാര്‍ കമ്പനിക്ക് എഴുതുകയോ വിഷയം എംബസി മുഖേന ഉന്നയിക്കുകയോ ചെയ്തിട്ടില്ല.
എ കെ ആന്റണി ഇടപാടിനെക്കുറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസമായ 2014 മെയ് 12ന് ഉന്നയിക്കാന്‍ കാരണം ഒരുപക്ഷേ അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെടുമെന്നു കണ്ടതുകൊണ്ടു കൂടിയാവാമെന്നും മന്ത്രി പറഞ്ഞു.
ഇറ്റലി ആസ്ഥാനമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ആണ് കരാര്‍ സമര്‍പ്പിച്ചതെന്നും എന്നാല്‍, ബ്രിട്ടന്‍ ആസ്ഥാനമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിനാണ് ടെന്‍ഡര്‍ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it