അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട്: അവകാശ ലംഘനത്തിന് കോണ്‍ഗ്രസ്സും സ്വാമിയും നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ, അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് പ്രസ്താവനയിറക്കിയ പ്രതിരോധ മന്ത്രാലയത്തിനെതിരേ കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപിമാരായ ശാന്താറാം നായകും ഹുസൈന്‍ ഭല്‍വായിയുമാണ് നോട്ടീസ് നല്‍കിയത്. പ്രതിരോധ മന്ത്രിയായിരുന്നു പ്രസ്താവന പുറപ്പെടുവിക്കേണ്ടിയിരുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
യുപിഎ സര്‍ക്കാരാണ് അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതെന്ന കോണ്‍ഗ്രസ്സിന്റെ വാദം ഖണ്ഡിച്ചു പ്രതിരോധമന്ത്രാലയം വ്യാഴാഴ്ചയാണു പ്രസ്താവന പുറപ്പെടുവിച്ചത്. 2014 ജൂലൈ മൂന്നിന് എന്‍ഡിഎ സര്‍ക്കാരാണു കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയതെന്നും പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം, അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയതിനു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെതിരേ ബിജെപി അംഗം സുബ്രഹ്മണ്യന്‍ സ്വാമി അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
നോട്ടീസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ചെയര്‍മാന്‍ കണ്ടെത്തിയാല്‍ അദ്ദേഹം അവകാശ കമ്മറ്റിക്കയക്കുമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍, അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നാണ് ആസാദ് പറഞ്ഞത്.
ക്വാറം തികഞ്ഞില്ല; രാജ്യസഭ നിര്‍ത്തി
ന്യൂഡല്‍ഹി: ക്വാറം തികയാത്തതിനെതുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു. 2014ലെ ആന്ധ്രപ്രദേശ് പുനസ്സംഘടനാ നിയമത്തെക്കുറിച്ചുള്ള സ്വകാര്യ ബില്ലില്‍ ചര്‍ച്ച നടക്കവെയാണ് സഭയില്‍ ക്വാറം പ്രശ്‌നം വിഷയമായത്.
245 അംഗങ്ങളുള്ള സഭയില്‍ ഏറ്റവും കുറഞ്ഞത് 25 അംഗങ്ങള്‍ ഹാജരുണ്ടായാല്‍ മാത്രമേ യോഗ നടപടികള്‍ക്ക് നിയമ പ്രാബല്യമുണ്ടാവുകയുള്ളൂ. എന്നാല്‍ ബില്ലിന്റെ ചര്‍ച്ച വേളയില്‍ സഭയില്‍ 23 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കോണ്‍ഗ്രസ്സിലെ കെ വി പി രാമചന്ദ്രറാവുവിന്റെ സ്വകാര്യ ബില്ലിന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായി മറുപടി പറഞ്ഞ് ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ടിഡിപിയിലെ സി എം രമേശാണ് ക്വാറം പ്രശ്‌നം ഉന്നയിച്ചത്.
ക്വാറം ഉറപ്പുവരുത്തേണ്ടത് ഭരണപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നു കോണ്‍ഗ്രസ് അംഗം മുഹമ്മദലി ഖാന്‍ പറഞ്ഞു. വോട്ടിങ് സമയത്ത് മാത്രമേ ക്വാറം ആവശ്യമുള്ളൂവെന്നും ചര്‍ച്ചാവേളയില്‍ ആവശ്യമില്ലെന്നും ടിആര്‍എസിലെ കെ കേശവറാവു പറഞ്ഞു. എന്നാല്‍, അംഗങ്ങള്‍ക്ക് ഏത് സമയത്തും ക്വാറം പ്രശ്‌നം ഉന്നയിക്കാമെന്നായിരുന്നു യോഗം നിയന്ത്രിച്ച വി പി സിങ് ബാദ്‌നൊറയുടെ റൂളിങ്. അദ്ദേഹം അംഗങ്ങളെ വിളിച്ചുവരുത്താനുള്ള മണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്ദാര്‍ അബ്ബാസ് നഖ്‌വി, കോണ്‍ഗ്രസ്സിലെ ഇ എം സുദര്‍ശന നാച്ചിയപ്പന്‍ തുടങ്ങിയവര്‍ വാദവും മറുവാദവുമായി രംഗത്തെത്തി.
Next Story

RELATED STORIES

Share it