അഗസ്ത വെസ്റ്റ്‌ലാന്റ്: രാജ്യസഭ സ്തംഭിച്ചു

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി വിഷയത്തില്‍ ഭരണ-പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചു. ബിജെപിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്സും കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലായ ചില വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഇതിനെ നേരിട്ടത്.
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ഇടപാടുകാരുടെ ഡയറിയില്‍ പരാമര്‍ശിക്കുന്ന ഗാന്ധി ആരെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിലെ സുഖേന്ദു ശേഖര്‍ റോയിയെ ഒരുദിവസത്തേക്കു പുറത്താക്കി. റോയ് സമര്‍പ്പിച്ച നോട്ടീസ് അധ്യക്ഷന്‍ തള്ളിയതിനുശേഷവും ചോദ്യോത്തരവേളയില്‍ ഇക്കാര്യമുന്നയിച്ച് സഭാതളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് അധ്യക്ഷന്‍ ഹാമിദ് അന്‍സാരി അച്ചടക്കനടപടി സ്വീകരിച്ചത്. ഇതില്‍ പ്രകോപിതരായ മറ്റു തൃണമൂല്‍ എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു.
ആരൊക്കെയാണ് കോഴ കൈപ്പറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നായിരുന്നു തൃണമൂല്‍ പ്രതിനിധികളുടെ ആവശ്യം.
എന്നാല്‍, ഇതിനെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സിഎജി റിപോര്‍ട്ട് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങി. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നരേന്ദ്രമോദി രഹസ്യ ധാരണ ഉണ്ടാക്കിയെന്നാരോപിച്ച ഗുലാംനബി ആസാദിനെതിരേ ബിജെപിയിലെ ഭുപീന്ദര്‍ യാദവ് അവകാശലംഘനപ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് അനാവശ്യ വിഷയങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. തങ്ങളുന്നയിച്ച വിഷയത്തില്‍ ചര്‍ച്ച ആവശ്യമാണെന്ന് കോണ്‍ഗ്രസ് ശഠിച്ചു. ബഹളം രൂക്ഷമായതോടെ സഭ പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
അനധികൃത ഖനനം തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്നും കേന്ദ്രം പുതുതായി മിനറല്‍ എക്‌സ്‌പ്ലോസീവ് ട്രസ്റ്റ് തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it