അഗസ്ത വെസ്റ്റ്‌ലാന്റ്: ഭീഷണിപ്പെടുത്തരുതെന്ന് സ്വാമിയോട് ആന്റണി

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് വിവാദത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവും ഇടപാട് നടക്കുന്ന സമയത്തെ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി. വിഷയത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണു ശ്രമമെങ്കില്‍ ബിജെപി അതില്‍ വിജയിക്കാന്‍ പോവുന്നില്ലെന്നും ഇന്നലെ ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആന്റണി പറഞ്ഞു. ബിജെപിയിലെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ക്കു മറുപടിപറയുകയായിരുന്നു ആന്റണി.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്റെ കീഴിലായിരുന്ന പ്രതിരോധമന്ത്രാലയം ക്രമക്കേടുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്ന ഉടന്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട് അഗസ്ത വെസ്റ്റ്‌ലാന്റിന്റെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ സിഇഒ ഗസെപ്പോ ഒര്‍സി അറസ്റ്റിലായ ഉടന്‍തന്നെ അന്നത്തെ സര്‍ക്കാര്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരുന്നെന്നും ആന്റണി പറഞ്ഞു.
അന്വേഷണം തുടരേണ്ടത് ഇപ്പോഴത്തെ സര്‍ക്കാരാണെന്നും ഇതിനുണ്ടായിരുന്ന നിയമതടസ്സങ്ങളെല്ലാം മാറിയെന്നും ആന്റണി പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഏതെങ്കിലും ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ താന്‍ എംപിസ്ഥാനം രാജിവയ്ക്കുമെന്നും പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഇടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ബിജെപി ആരോപിക്കുന്ന മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍ക്കാരിന്റെ അജണ്ട തങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നും ആനന്ദ് ശര്‍മ പറഞ്ഞു. 793 കോടി രൂപയായിരുന്നു വ്യോമസേന ഇടപാടിനായി നിശ്ചയിച്ചിരുന്നതെന്നും ഇത് ആന്റണി സമ്മതിച്ചതായും നേരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. എന്നാല്‍ പിന്നീട് ഇതുസംബന്ധമായ ഒരു കമ്മിറ്റി പെട്ടെന്നു തുക ആറിരട്ടി വര്‍ധിപ്പിച്ച് 4,877.5 കോടിയായി ഉയര്‍ത്തുകയായിരുന്നെന്നും സ്വാമി ആരോപിച്ചു. വാങ്ങിക്കുന്ന ഹെലികോപ്റ്ററിനു പകരം മറ്റൊരു ഹെലികോപ്റ്ററിലാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നും സ്വാമി പറഞ്ഞു.
Next Story

RELATED STORIES

Share it