അന്വേഷണം നേരിടാന്‍ തയ്യാര്‍: ആന്റണി

കൊച്ചി/കോട്ടയം: കോഴവിവാദത്തില്‍ കലാശിച്ച അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. ഹെലികോപ്റ്റര്‍ ഇടപാടിനായി 2002ല്‍ വാജ്‌പേയി സര്‍ക്കാരാണ് ആഗോള ടെന്‍ഡര്‍ വിളിച്ചതെന്നും ഇക്കാര്യത്തില്‍ നിയമപരമായ ഏതന്വേഷണത്തിനും തയ്യാറാണെന്നും ആന്റണി എറണാകുളം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
തന്നോട് യാതൊരു കനിവോ കരുണയോ വേണ്ട. പണം കൊടുത്തവരെയും പണം വാങ്ങിയവരെയും ശിക്ഷിക്കണം. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ഐബിയുമെല്ലാം കൈയിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ ഭീഷണിപ്പെടുത്തേണ്ട. അഗസ്ത വെസ്റ്റ്‌ലാന്റ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് ആരംഭിച്ചത് 1999ലാണ്. ആഗോള ടെന്‍ഡര്‍ വിളിച്ചത് വാജ്‌പേയി സര്‍ക്കാരും. അന്നത്തെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അഗസ്ത വെസ്റ്റ്‌ലാന്റ് അടക്കം നിരവധി കമ്പനികള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
6,000 അടി ഉയരത്തില്‍ പറക്കാനുള്ള ഹെലികോപ്റ്റര്‍ നിര്‍മിക്കണമെന്ന വ്യവസ്ഥയായിരുന്നു ഇതിനു കാരണം. 6,000 അടി ഉയരമെന്നത് 4,500 അടി ഉയരമായി 2003ല്‍ വെട്ടിക്കുറച്ചതോടെയാണ് അഗസ്ത വെസ്റ്റ്‌ലാന്റ് കമ്പനി വന്നത്. കാബിനിന്റെ 1.8 മീറ്റര്‍ ഉയരമെന്ന മാനദണ്ഡവും ഇവര്‍ക്ക് തുണയായി. ഇടപാടില്‍ അഴിമതിയുണ്ടെന്ന് 2013ല്‍ താനാണ് ആദ്യമായി വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും യുപിഎ സര്‍ക്കാര്‍ തന്നെ. കരാര്‍ റദ്ദാക്കി കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നടപടി തുടങ്ങിയതും യുപിഎ സര്‍ക്കാരായിരുന്നു. എന്നാല്‍, കേസ് നടക്കുന്നതിനാല്‍ ഇതിനു സാധിച്ചില്ല. തുടര്‍ന്ന് കമ്പനിക്കെതിരേ ഇറ്റലിയില്‍ പോയി കേസ് പറഞ്ഞ് ജയിച്ചതും യുപിഎ സര്‍ക്കാരായിരുന്നു. എന്നിട്ടിപ്പോള്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല. സമഗ്രാന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
അതേസമയം, കോപ്റ്റര്‍ ഇടപാടില്‍ എ കെ ആന്റണി പണം കൈപ്പറ്റിയെന്ന് ആരും പറയുമെന്നു കരുതുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിങ് കോട്ടയത്ത് പറഞ്ഞു. ആന്റണി സത്യസന്ധനായിരിക്കാം. എന്നാല്‍, അഴിമതിക്ക് കൂട്ടുനിന്നോ എന്ന സംശയം തള്ളിക്കളയാനാവില്ല. ആന്റണിയോടൊപ്പം ജോലിചെയ്ത തനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. എങ്കിലും ഇത്തരം കാര്യങ്ങള്‍ നടക്കാന്‍ അദ്ദേഹം എന്തുകൊണ്ട് അനുവദിച്ചെന്നും ചുറ്റുമുള്ളവര്‍ പണം തട്ടുന്നത് എന്തുകൊണ്ട് കൈകെട്ടി നോക്കിനിന്നെന്നും വി കെ സിങ് ചോദിച്ചു.
ഇടനിലക്കാരന്റെ ഡ്രൈവറെ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിന്റെ ഡ്രൈവറെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് ഡ്രൈവര്‍ നാരായണന്‍ ബഹാദൂറില്‍നിന്നെടുത്ത മൊഴിയില്‍ മിഷേലിന്റെ ഇന്ത്യന്‍ ബന്ധങ്ങള്‍, സാമ്പത്തികസ്രോതസ്സ് എന്നിവയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മിഷേല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു ബഹാദൂര്‍. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ തമ്മില്‍ ബന്ധമുണ്ട്. ബഹാദൂറിന് പണം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഹോട്ടലില്‍നിന്ന് തലസ്ഥാന നഗരിയിലെ വിവിധ ഭാഗങ്ങളിലുള്ള ഇടപാടുകാരുടെ അടുക്കല്‍ മിഷേലിനെ എത്തിച്ചത് ബഹാദൂറായിരുന്നു. കോപ്റ്റര്‍ ഇടപാടില്‍ മിഷേലിന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന രേഖകള്‍ ഡ്രൈവറുടെ വാസസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it