അഗസ്ത്യമലയിലെ ബയോമെഡിക്കല്‍ പ്ലാന്റിന് അനുമതി നല്‍കരുതെന്ന് വനംവകുപ്പ്

ശ്രീജിഷ   പ്രസന്നന്‍

തിരുവനന്തപുരം: അഗസ്ത്യമലയില്‍ ഉള്‍പ്പെട്ട ഓടുചുട്ടപടുക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്ന ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിന് വനംവകുപ്പിന്റെ എതിര്‍പ്പ്.
പ്ലാന്റിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ടു ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ (ഡിഎഫ്ഒ) മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കത്തു നല്‍കി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയില്‍ വന്യജീവികളുടെ സൈ്വരവിഹാരത്തിനും ജനജീവിതത്തിനും ഹാനികരമായേക്കാമെന്നതിനാല്‍ പ്ലാന്റിന് അനുമതി നല്‍കരുതെന്നാണ് ഡിഎഫ്ഒ ഡി രതീഷ് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പ്ലാന്റിന് പാരിസ്ഥിതികാനുമതി തേടിക്കൊണ്ട് ഐഎംഎ നല്‍കിയ പത്രപരസ്യത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന്, പ്ലാന്റ് മൂലമുണ്ടാവുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുറന്നുകാട്ടി തേജസ് വാര്‍ത്ത നല്‍കിയതോടെ വിഷയം മുഖ്യധാരയില്‍ ചര്‍ച്ചയായി. ഇതേത്തുടര്‍ന്ന്, പരിസ്ഥിതിപ്രവര്‍ത്തകരും പ്രദേശവാസികളും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധവും ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തില്‍ ഓടുചുട്ടപടുക്ക-കല്ലുമലയ്ക്കു സമീപം ഉള്‍വനത്തിലെ ഭൂമിയിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് എക്കോ ഫ്രണ്ട്‌ലിയുടെ (ഇമേജ്) നേതൃത്വത്തില്‍ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. വനത്തിനുള്ളില്‍ 922/71 എന്ന സര്‍വേ നമ്പറിലുണ്ടായിരുന്ന സ്വകാര്യ പട്ടയഭൂമി വാങ്ങിയാണ് ഐഎംഎ പ്ലാന്റിനുള്ള നീക്കം നടത്തിയത്. അണ്ണാമലൈ യൂനിവേഴ്‌സിറ്റി നടത്തിയ പരിസ്ഥിതി ആഘാതപഠനമാണ് ഐഎംഎ അനുമതികള്‍ക്കായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഏരൂര്‍ റിസര്‍വ് വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണിതെന്നു റിപോര്‍ട്ടില്‍ ഡിഎഫ്ഒ വ്യക്തമാക്കുന്നുണ്ട്. പദ്ധതിപ്രദേശത്തിന് 150 മീറ്റര്‍ ദൂരത്തുള്ള നീരുറവ റിസര്‍വ് വനഭൂമിയിലൂടെ ഒഴുകുന്ന കല്ലുവരമ്പ് തോട്ടിലെത്തുകയും ഇതു വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാര്‍നദിയില്‍ പതിക്കുകയും ചെയ്യുന്നുണ്ടെന്നു റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിലോല മേഖലയല്ലെന്നും ജനവാസമില്ലെന്നും സമര്‍ഥിച്ച് ഐഎംഎ കൈക്കലാക്കിയ പരിസ്ഥിതി ആഘാതപഠന റിപോര്‍ട്ടാണ് ഡിഎഫ്ഒയുടെ കത്തിലൂടെ നിഷ്പ്രഭമായത്.
അതീവ പരിസ്ഥിതിലോല മേഖലയായ പദ്ധതിപ്രദേശത്ത് ബ്ലഡ്ബാഗും സിറിഞ്ചും മറ്റ് അനുബന്ധ ക്ലിനിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചു സംസ്‌കരിക്കുന്നതിന് 9.20 കോടി രൂപയ്ക്ക് മൂന്നു പ്ലാന്റുകളാണ് ഐഎംഎ പദ്ധതിയിട്ടിരുന്നത്. പ്രതിഷേധം ആരംഭിച്ച ജനങ്ങളുമായി ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി ഇന്നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഡിഎഫ്ഒയുടെ റിപോര്‍ട്ട് പുറത്തുവന്നത്. റിപോര്‍ട്ടിലെ വിവരങ്ങള്‍ തങ്ങള്‍ക്കനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് പെരിങ്ങമ്മലയിലെ ജനങ്ങള്‍.
Next Story

RELATED STORIES

Share it