അഗസ്താ വെസ്റ്റ്‌ലന്‍ഡ് കേസ്: അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കണം-ആന്റണി

കോട്ടയം: അഗസ്റ്റാ വെസ്റ്റ്‌ലന്‍ഡ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കേണ്ടത് മോദി സര്‍ക്കാരാണെന്ന് എ കെ ആന്റണി. ഇറ്റലി കോടതിയില്‍ ഈ കേസില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി ഞായറാഴ്ച നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ കൈയിലാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഐബി എന്നിവയൊക്കെ. കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയത്.
കേസ് ആരംഭഘട്ടത്തിലായതിനാല്‍ അന്ന് നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാതെ പോയി. എന്നാല്‍, ഇപ്പോള്‍ തടസ്സങ്ങളല്ലാം നീങ്ങിയിരിക്കുന്നു. എന്നിട്ടും നടപടിയെടുക്കാതെ കമ്പനിയെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും ആന്റണി കുറ്റപ്പെടുത്തി.
കുറ്റവാളികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുന്നതിനു പകരം അന്ന് സര്‍ക്കാരിന്റെ ഭാഗം പോലുമല്ലാത്ത സോണിയാഗാന്ധി—ക്കെതിരേ ആരോപണമുന്നയിക്കുന്നത് നിലവാരമില്ലാത്തതാണ്.
2002ല്‍ ആഗോള ടെണ്ടര്‍ വിളിച്ചതും യോഗ്യതയുള്ള കമ്പനികളെ കിട്ടാത്തതിനാല്‍ 2003ല്‍ വ്യവസ്ഥിതികള്‍ പരിഷ്‌കരിച്ചതും എന്‍ഡിഎ സര്‍ക്കാരാണ്. തുടര്‍നടപടികള്‍ മാത്രമാണ് പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തില്‍ സര്‍ക്കാരിന്റെ ഭാഗമല്ലാത്തവര്‍ക്കെതിരേ ആരോപണമുന്നയിക്കുന്നതെന്തിനാണെന്നും ആന്റണി ചോദിച്ചു.
Next Story

RELATED STORIES

Share it