ernakulam local

അഗതി രഹിത കേരളം പദ്ധതി : കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു



കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ ‘അഗതി രഹിത കേരളം’ പദ്ധതിക്കായി ജില്ലയിലെ അശരണരും നിലാംബരുമായ മുഴുവന്‍ കുടുംബങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.നിലവിലെ ആശ്രയ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ള തുടര്‍ന്നും സേവനത്തിന് അര്‍ഹരായ ഗുണഭോക്താക്കളെയും കണ്ടെത്തി ഏകീകൃത പദ്ധതി എന്ന നിലയില്‍ അഗതി രഹിത കേരളം പദ്ധതി ആരംഭിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതോടെ കേരളത്തെ അഗതി രഹിതമാക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അഗതികളുടെ ഏകികൃത ലിസ്റ്റും പ്രോജക്ടും ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്.    സര്‍വേ നടത്തി തയ്യാറാക്കുന്ന കരട് പട്ടിക ചെയര്‍പേഴ്‌സണ്‍ തദ്ദേശ ഭരണ അധ്യക്ഷന് കൈമാറും. കരട് പട്ടിക തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അങ്കണവാടികളിലും പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ലഭിക്കുന്ന അപ്പീലുകള്‍ കൂടി പരിശോധിച്ച് തയ്യാറാക്കിയ ലിസ്റ്റിന് തദ്ദേശ ഭരണ സ്ഥാപങ്ങളില്‍ കൂടുന്ന പ്രത്യേക അഗതി ഗ്രാമസഭ അംഗീകാരം നല്‍കും. കൂടാതെ പ്രത്യേക കൗണ്‍സില്‍ യോഗത്തിന്റെയും അംഗീകാരം നേടണം. തുടര്‍ന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് ആരോഗ്യ വിവര ശേഖരണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അഗതി രഹിത പദ്ധതികള്‍ രൂപീകരിക്കണം. ഡിസംബര്‍ ആറിന് മുന്‍പ് ഇത്തരത്തില്‍ തയ്യാറാക്കിയ പദ്ധതികള്‍ കുടുംബശ്രീ ജില്ലാ മിഷന് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അടുത്ത വര്‍ഷം ഡിസംബര്‍ ഒന്നിന് കേരളത്തെ അഗതി രഹിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
Next Story

RELATED STORIES

Share it