അഖ്‌സയില്‍ ഇസ്രായേല്‍ കൈയേറ്റം

പശ്ചിമേഷ്യന്‍ കത്ത്/ഡോ. സി കെ അബ്ദുല്ല
ഹിജ്‌റ വര്‍ഷം 1437 പിറക്കുമ്പോള്‍ അറബ് മുസ്‌ലിം ലോകത്തിന്റെ കേന്ദ്ര പ്രശ്‌നമായ ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ പിടിമുറുക്കിയിരിക്കയാണ്. ആഭ്യന്തര സംഘര്‍ഷങ്ങളിലും നവസാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നടക്കുന്ന വിവിധ യുദ്ധങ്ങളിലും പശ്ചിമേഷ്യ മുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യം മുതലെടുത്ത് അഖ്‌സയില്‍ ഇസ്രായേല്‍ ശക്തിപ്പെടുത്തിയ കൈയേറ്റം വരച്ചുകാണിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഈയിടെ കാര്‍ട്ടൂണ്‍ ഇന്റര്‍നാഷനല്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂറ്റന്‍ റഷ്യന്‍  കരടിയുടെ ചോരയിറ്റുന്ന നഖങ്ങളിലേക്ക് അറബ് ലോകം പകച്ചു നോക്കിനില്‍ക്കെ, കരടിക്ക് മറപറ്റി ഇസ്രായേലി ചെന്നായ, അഖ്‌സ ഖുബ്ബയുടെ മാതൃകയിലുള്ള കൂട്ടില്‍നിന്നു സമാധാനപ്രാവിനെ തട്ടിയെടുക്കുന്നതാണ് ചിത്രം. കഴിഞ്ഞ സപ്തംബര്‍ 30നു ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തിനു മുന്നില്‍ ആദ്യമായി ഫലസ്തീന്‍ പതാക ഉയര്‍ന്നത് ചരിത്രനേട്ടമായി കൊട്ടിഘോഷിക്കപ്പെട്ടു. കാംപ് ഡേവിഡ്, ഓസ്‌ലോ കരാറുകളില്‍ വീണുപോയ ഫലസ്തീനികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട 'സ്വതന്ത്രരാജ്യം' എന്നത് യുഎന്‍ ആസ്ഥാനത്തിനു മുന്നില്‍ ഫലസ്തീന്‍ പതാക വായുവില്‍ പാറാനുള്ള സ്വാതന്ത്ര്യം മാത്രമാണെന്ന് ഹാസ്യ രാഷ്ട്രീയവിമര്‍ശകര്‍. ഇങ്ങ് ഭൂമിയില്‍, ജറുസലേം എന്ന് ഇസ്രായേലും പടിഞ്ഞാറും വിളിക്കുന്ന ഖുദ്‌സിലും വെസ്റ്റ്ബാങ്കിലും അറബികളുടെ ഭൂമിയിലെ ഓരോ ചവിട്ടടിയും ഇസ്രായേല്‍ കൈയേറിക്കൊണ്ടിരിക്കയാണ്.

യുഎന്‍ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക പാറിയത് ചരിത്രനേട്ടമായി അറബ് മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍, ഇസ്രായേല്‍ മാധ്യമങ്ങള്‍ ഒരു ചരിത്രം തിരുത്ത് ആഘോഷിക്കുകയായിരുന്നു. എട്ടുനൂറ്റാണ്ടു മുമ്പ് മസ്ജിദുല്‍ അഖ്‌സയുടെ സുരക്ഷ കണക്കിലെടുത്ത് സലാഹുദ്ദീന്‍ അയ്യൂബി അടച്ചുകളഞ്ഞ ബാബുര്‍റഹ്മ എന്ന കൂറ്റന്‍ കവാടം ബലംപ്രയോഗിച്ച് തുറന്നതായിരുന്നു അവരുടെ ആഘോഷം.  ഒന്നാം കുരിശുയുദ്ധത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ അധിനിവേശത്തിലായ അഖ്‌സ, 1187ല്‍ രണ്ടാം കുരിശു യുദ്ധത്തില്‍ വീണ്ടെടുത്തശേഷം, സുരക്ഷ കണക്കിലെടുത്താണ് ഗോള്‍ഡന്‍ ഗേറ്റ് എന്ന് പാശ്ചാത്യര്‍ വിളിക്കുന്ന ബാബുര്‍റഹ്മ (കാരുണ്യകവാടം) അടച്ചത്. യേശുവിന്റെ കവാടം എന്ന ഐതിഹ്യതേരിലേറിയാണ് അന്ന് കുരിശുപട ഈ കവാടം വഴി മസ്ജിദുല്‍ അഖ്‌സയില്‍ കയറി നരനായാട്ട് നടത്തിയത്. സോളമന്‍ രാജാവിന്റെ കവാടമാണ് അതെന്ന വെറും ഐതിഹ്യം ജൂതരും ഉന്നയിക്കുന്നുണ്ട്. മതകീയ ഐതിഹ്യങ്ങളുടെ മറപിടിച്ച് അഖ്‌സയില്‍ നടക്കുന്ന രാഷ്ട്രീയ അധിനിവേശത്തിനു തടയിടുകയായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി. എട്ടാംനൂറ്റാണ്ടില്‍ ദമസ്‌കസ് കേന്ദ്രമായി ഭരിച്ച അമവികളുടെ കാലത്താണ് 144 ഏക്കറോളം വരുന്ന മസ്ജിദുല്‍ അഖ്‌സ കോംപൗണ്ട് വലയംചെയ്യുന്ന കൂറ്റന്‍ മതില്‍ക്കെട്ടും പ്രധാന കവാടങ്ങളും നിര്‍മിക്കപ്പെട്ടത്. അഖ്‌സയുടെ പ്രതീകമായി ലോകത്ത് പ്രചരിക്കുന്ന സുവര്‍ണനിറമുള്ള ഖുബ്ബതുസ്സഖ്ര, പ്രസിദ്ധമായ ഇസ്രാ യാത്രയില്‍ മുഹമ്മദ്‌നബി പ്രാര്‍ഥിച്ച (ഇരുണ്ട ഖുബ്ബക്ക് കീഴെയുള്ള) പ്രധാന പള്ളി അല്‍മസ്ജിദുല്‍ ഖിബലി എന്നിവയടക്കം 200നടുത്ത് ചെറുതും വലുതുമായ നിര്‍മിതികള്‍ ഉള്‍ക്കൊള്ളുന്നതാണ് മസ്ജിദുല്‍ അഖ്‌സ കോംപൗണ്ട്. മതില്‍ക്കെട്ടിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന ബാബുറഹ്മ, ഖുദ്‌സ് പട്ടണത്തിലുണ്ടായിരുന്ന അമവി അരമനകളില്‍നിന്ന് അഖ്‌സയിലേക്കുള്ള പ്രവേശനമാര്‍ഗമായിരുന്നു.

പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ അനുചരരില്‍ പ്രമുഖരായ ഷദ്ദാദ് ബിന്‍ ഔസ്, ഉബാദ ബിന്‍സ്വാമിത് എന്നിവരുടെയും അഖ്‌സയ്ക്കു വേണ്ടി ജീവന്‍ നല്‍കിയ അനേകം രക്തസാക്ഷികളുടെയും കുടീരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അര്‍റഹ്മ മഖ്ബറയുടെ സാമീപ്യമാണ് ഈ കവാടത്തിന്റെ പേരിനു നിദാനമെന്നു കരുതപ്പെടുന്നു. ബാബുര്‍റഹ്മയുടെ അകത്തളത്തില്‍ ഉണ്ടായിരുന്ന പാഠശാലയില്‍ 11ാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ഇമാം ഗസാലി അധ്യയനം നടത്തിയിരുന്നു. ഇഹയാ ഉലൂമുദ്ദീന്‍ എന്ന അദ്ദേഹത്തിന്റെ പ്രധാന കൃതിയുടെ രചന ആരംഭിച്ചത് ഇവിടെ വച്ചായിരുന്നുവെന്നു ചരിത്രം. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിനുശേഷം അധിനിവേശം വ്യാപിപ്പിച്ച ഇസ്രായേല്‍, കോംപൗണ്ടിലെ മിക്ക നിര്‍മിതികളിലും കൈവച്ചിട്ടുണ്ട്. മസ്ജിദുല്‍ ഖിബലിയുടെ സമീപത്തുള്ള ബാബുറഹ്മ തുറക്കാന്‍ അനേകം ശ്രമങ്ങള്‍ നടത്തി ഇസ്രായേല്‍ പരാജയപ്പെട്ടിരുന്നു. 1987ല്‍ ഫലസ്തീനികള്‍ നടത്തിയ ഒന്നാം ഇന്‍തിഫാദയ്ക്കുശേഷം കവാടത്തിന്റെ അകത്തളത്തില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട ഇസ്‌ലാമിക പാഠശാല പൂട്ടിച്ചു. അര്‍റഹ്മ ഖബറിടം ഉപയോഗിക്കുന്നതില്‍നിന്നു മുസ്‌ലിംകളെ വിലക്കി. ആ ഭാഗത്ത് മുസ്‌ലിംകള്‍ പ്രവേശിക്കുന്നതും വിലക്കി. ജൂത കേന്ദ്രങ്ങളില്‍നിന്ന് അഖ്‌സയിലേക്കു നേരിട്ട് പ്രവേശനം  എളുപ്പമാക്കാനായിരുന്നു ഈ നടപടികളെല്ലാം. സയണിസം എഴുന്നള്ളിച്ച സോളമന്‍ ടെംപിള്‍ എന്ന വെറും ഐതിഹ്യം സഫലമാക്കാനായി അഖ്‌സ മുഴുവന്‍ കൈയേറാനുള്ള നടപടികളുമായി ഇസ്രായേല്‍ മുന്നോട്ടുപോവുന്നു.

കേടുപാടുകള്‍ തീര്‍ക്കാനെന്ന പേരില്‍, നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ അഖ്‌സ കോംപൗണ്ടിലെ കെട്ടിടങ്ങള്‍ക്കു താഴെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ഖനനങ്ങള്‍ കാരണം പലയിടങ്ങളിലും ഭിത്തികള്‍ക്ക് മാരകമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇസ്രായേല്‍ തീരുമാനിക്കുന്നപക്ഷം മസ്ജിദുല്‍ അഖ്‌സയിലെ പ്രധാന നിര്‍മിതികള്‍ നിഷ്പ്രയാസം തകര്‍ക്കാവുന്നവിധമാണ് ഈ ഖനനങ്ങള്‍ നടക്കുന്നത്.അഖ്‌സ പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ മറ്റു ചില നീക്കങ്ങളും ഇസ്രായേല്‍ നടത്തുന്നുണ്ട്. ജൂതമത ചടങ്ങുകള്‍ക്ക് സൗകര്യപ്പെടുത്താനായി അഖ്‌സയില്‍ സമയ-സ്ഥല ക്രമീകരണങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. ആദ്യപടിയായി രാവിലെ ഏഴു മുതല്‍ 11 മണി വരെ അഖ്‌സയില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിച്ചു. ഈ സമയത്ത് അഖ്‌സ കോംപൗണ്ടിലേക്ക് ജൂതസംഘങ്ങളുടെ ഒഴുക്കാണ്. ജൂത കൈയേറ്റം തടയാനായി ഖുദ്‌സ് വാസികള്‍ അഖ്‌സയില്‍ ഇരിപ്പുറപ്പിക്കുന്നത് നിയന്ത്രിക്കാനായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഖ്‌സയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നു. അഖ്‌സയുടെ ചുറ്റുമുള്ള പുരാതന നഗരിയില്‍ സെക്യൂരിറ്റി ഗേറ്റുകള്‍ സ്ഥാപിച്ച് അറബ് സന്ദര്‍ശകരെ നിയന്ത്രിക്കുന്നു.

അഖ്‌സയില്‍ ജൂതര്‍ നേരത്തേ അധീനപ്പെടുത്തിയ ബുറാഖ് മതില്‍ക്കെട്ടും (ഇസ്രാ യാത്രയില്‍ മുഹമ്മദ്‌നബിയുടെ വാഹനമായിരുന്ന ബുറാഖ് ബന്ധിക്കപ്പെട്ട സ്ഥലം) പരിസരവും ഏറെക്കാലമായി പൂര്‍ണമായും ജൂതനിയന്ത്രണത്തിലാണ്. കൂടുതല്‍ സ്ഥലങ്ങള്‍ ജൂത ചടങ്ങുകള്‍ക്ക് വിട്ടുകൊടുക്കുകയും അഞ്ചുനേരം നമസ്‌കാരങ്ങളുടെ സമയത്ത് മാത്രം മുസ്‌ലിംകള്‍ക്ക് അഖ്‌സ പള്ളികളില്‍ പ്രവേശനം ചുരുക്കുകയുമാണ് അടുത്തപടിയെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.  അഖ്‌സയിലെ ജൂതസാന്നിധ്യം ദിനംപ്രതി വര്‍ധിക്കുകയാണ്. വിവിധ സയണിസ്റ്റ് സംഘങ്ങളുടെ പേരില്‍ നടക്കുന്ന 'തീര്‍ത്ഥാടനങ്ങളില്‍' ഇസ്രായേല്‍ സര്‍ക്കാരിലെ ഉന്നതരും ജനപ്രതിനിധികളും പങ്കെടുത്ത് തീവ്ര ജൂതസംഘങ്ങള്‍ക്ക് അധിനിവേശത്തിന് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നു. അഖ്‌സയുടെ സംരക്ഷണം ലക്ഷ്യമിട്ട് അവിടെ ഇരിപ്പുറപ്പിച്ച എണ്ണത്തില്‍ പരിമിതമായ ഖുദ്‌സ് നിവാസികളായ സ്ത്രീ-പുരുഷന്മാരെ (മുറാബിതുകള്‍) കൈയേറ്റം ചെയ്തും അപമാനിച്ചും പുറത്താക്കാന്‍ ജൂതസംഘങ്ങള്‍ ശ്രമിക്കുമ്പോള്‍ ഇസ്രായേല്‍ പോലിസ് അതിനു കൂട്ടുനില്‍ക്കുന്നു. മുറാബിതുകളായ സ്ത്രീകളുടെ ശിരോവസ്ത്രങ്ങള്‍ ഇസ്രായേല്‍ സൈനികര്‍ വലിച്ചുകീറുന്നു.

ഇപ്പോള്‍ ഫലസ്തീനില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ യഥാര്‍ഥ കാരണം ഇസ്രായേലിന്റെ അഖ്‌സ കൈയേറ്റമാണെന്ന് രാഷ്ട്രീയലാക്കോടെയാണെങ്കിലും സാക്ഷാല്‍ അമേരിക്കപോലും പറയുന്നു. അഖ്‌സയുടെ സംരക്ഷണം ഊന്നിപ്പറയുന്ന യുഎന്‍ പ്രമേയങ്ങള്‍ അടക്കമുള്ള നിയമങ്ങളെ കാറ്റില്‍പ്പറത്തി, നിസ്സംഗമായ അറബ്‌ലോകത്തിന്റെ മൂക്കിനു താഴെ നടക്കുന്ന ഈ ബലാല്‍ക്കാരം അവസാനിപ്പിക്കാന്‍ അധിനിവേശത്തെ തെരുവില്‍ നേരിടുന്നതിന് ഫലസ്തീനികള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒക്ടോബര്‍ മൂന്നിന് രണ്ട് സയണിസ്റ്റുകളെ കുത്തിവീഴ്ത്തി രക്തസാക്ഷിയായ 19 വയസ്സുള്ള മുഹമ്മദ് ഹലബി കൃത്യത്തിനു മുമ്പ് രേഖപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ വായിക്കാം: 'പവിത്രമായ അഖ്‌സ കോംപൗണ്ടില്‍ പുണ്യകേന്ദ്രങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന കൈയേറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ എങ്ങനെ കഴിയും? നിങ്ങളുടെ മുഖത്തേക്ക് ആയുധം ചൂണ്ടുമ്പോള്‍ സ്വരക്ഷയ്ക്കുവേണ്ടി പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് മറക്കാതിരിക്കുക.'


  (അവസാനിക്കുന്നില്ല.)

Next Story

RELATED STORIES

Share it