Flash News

അഖിലേന്ത്യാ സിവില്‍ സര്‍വീസ് : തളിപ്പറമ്പിനിത് ചരിത്രനേട്ടം ; കോഴിക്കോടിന് അഭിമാനമായി ഹംന

അഖിലേന്ത്യാ സിവില്‍ സര്‍വീസ്  : തളിപ്പറമ്പിനിത് ചരിത്രനേട്ടം ; കോഴിക്കോടിന് അഭിമാനമായി ഹംന
X


തളിപ്പറമ്പ്/ കോഴിക്കോട്: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രത്തിളക്കവുമായി തളിപ്പറമ്പ് സ്വദേശികള്‍. 13ാം റാങ്ക് നേടിയ പരിയാരം എമ്പേറ്റ് മേലേരിപുറം സ്വദേശി അതുല്‍ ജനാര്‍ദനനും 179ാം റാങ്ക് നേടിയ കരിമ്പം പാലത്തിനു സമീപത്തെ ആല്‍ബര്‍ട്ട് ജോണുമാണ് നാടിന്റെ അഭിമാനമായത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടു പേര്‍ക്ക് ഐഎഎസ് ലഭിക്കുന്നത് തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. മേലേരിപുറത്തെ റിട്ട. ഓണററി ലഫ്റ്റനന്റ് മാടവളപ്പില്‍ ജനാര്‍ദനന്റെയും ലത കണ്ടങ്കോലിന്റെയും മകനാണ് അതുല്‍. പിതാവിന്റെ ജോലി കാരണം രാജ്യത്തിന്റെ പല ഭാഗത്തുമായാണ് അതുല്‍ വിദ്യാഭ്യാസം നേടിയത്. കുസാറ്റില്‍ നിന്ന് ഡിസ്റ്റിങ്ഷനോടെ ബിടെക് പാസായി. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠനത്തിനു ചേര്‍ന്നത്. വിവരമറിഞ്ഞു നിരവധി പേരാണ് അഭിനന്ദനവുമായി വീട്ടിലെത്തിയത്. കരിമ്പം പാലത്തിനു സമീപത്തെ ജോണി പി ജോസഫ്- ടി ഒ വല്‍സമ്മ ദമ്പതികളുടെ മൂത്ത മകനായ ആല്‍ബര്‍ട്ട് ജോണ്‍ തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ തന്നെ പഠനമികവ് കാട്ടിയിരുന്നു. 2009ല്‍ 12ാം തരം പാസാവുമ്പോള്‍ ബയോളജിയില്‍ നൂറില്‍ 99 മാര്‍ക്ക് നേടി സിബിഎസ്ഇ ദേശീയതലത്തില്‍ ഒന്നാമതെത്തിയിരുന്നു. കേരള യൂനിവേഴ്‌സിറ്റി കുഫോസില്‍ അസി. പ്രഫസറാണ്. പിതാവ് പി ജോസഫ് അങ്ങാടിക്കടവ് പിഎച്ച്‌സിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മാതാവ് ഡിഎംഒ ഓഫിസില്‍ സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫിസറുമാണ്. ഏക സഹോദരി ആനി ജോണ്‍ തിരുവനന്തപുരത്ത് ബിടെക് വിദ്യാര്‍ഥിനിയാണ്. പഠനത്തിലും ജീവിതത്തിലും വ്യത്യസ്ത വഴികളിലൂടെ യാത്ര ചെയ്ത ഹംന മര്‍യമിനു സിവില്‍ സര്‍വീസ് മറ്റൊരു യാത്രാ പുറപ്പാടാണ്. ഇന്ത്യന്‍ വിദേശ സര്‍വീസില്‍ ചേര്‍ന്നു ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 28ാം റാങ്കുകാരിയും കോഴിക്കോട് ചേവായൂര്‍ സ്വദേശിനിയുമായ ഹംന മര്‍യമിന്റെ ആഗ്രഹം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം ഡോ. ടി പി അഷ്‌റഫ്- ഡോ. ജൗഹറ എന്നിവരുടെ മകളാണ് ഹംന. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. സിവില്‍ സര്‍വീസ് എന്നത് കുട്ടിക്കാലം മുതല്‍ കൂടെ കൂട്ടിയ ആഗ്രഹമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിനുള്ള തീവ്രശ്രമങ്ങളിലായിരുന്നു ഹംന. ആദ്യ ശ്രമത്തില്‍ പരാജിതയായെങ്കിലും പിന്‍മാറാന്‍ തയ്യാറാവാത്ത ഹംനയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കടമ്പകള്‍ വഴിമാറുകയായിരുന്നു.
Next Story

RELATED STORIES

Share it