Flash News

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ജിഎസ്ടിയില്‍ സെസ് വന്നേക്കും

ന്യൂഡല്‍ഹി: പ്രളയദുരന്തത്തിനിരയായ കേരളത്തെ സഹായിക്കുന്നതിന് ജിഎസ്ടിയില്‍ അഖിലേന്ത്യാതലത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് 28ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും. ഇതുസംബന്ധിച്ച് ഇന്നലെ ധനകാര്യമന്ത്രി തോമസ് ഐസക് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ െജയ്റ്റ്‌ലി, ധനകാര്യമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായി.
കേരളത്തിനു മാത്രമായി പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യമാണ് തോമസ് ഐസക് ചര്‍ച്ചയില്‍ മുന്നോട്ടുവച്ചതെങ്കിലും പൊതുവായി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സെസ് പിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിക്കുകയായിരുന്നുവെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ അംഗീകാരം നേടേണ്ടതുണ്ട്. അതിനാണ് ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്.
കേരളത്തിനായി കുറച്ചുകാലത്തേക്ക് സെസ് പിരിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. കേരളത്തിന് മാത്രമായി സെസ് ഏര്‍പ്പെടുത്തണോ അതോ പൊതുവായി എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ദുരിതാശ്വാസ ഫണ്ടായി പിരിക്കണോ എന്ന കാര്യങ്ങളെല്ലാം കൗണ്‍സില്‍ ചര്‍ച്ചചെയ്യും. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായാല്‍ അതിനു കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ ഫണ്ട് സമാഹരിക്കണമെന്ന ആശയവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാന്‍ മന്ത്രിതല സമിതി—ക്ക് രൂപംനല്‍കാനും സാധ്യതയുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
അന്തര്‍സംസ്ഥാന ചരക്ക് നീക്കങ്ങളില്‍ ഏതാനും ചരക്കുകള്‍ക്ക് മാത്രം സെസ് ഏര്‍പ്പെടുത്താമെന്ന ആശയമാണ് ഉയര്‍ന്നിരിക്കുന്നത്. സെസുകള്‍ക്കെതിരേ സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ തീരുമാനമാവാനും കാത്തിരിക്കേണ്ടിവരും. തീരുമാനമായാല്‍ ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട സാഹചര്യവുമുണ്ടാവും.
ജര്‍മനി, ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് എടുക്കാവുന്ന വായ്പയുടെ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തിയതായി തോമസ് ഐസക് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രി—ക്ക് അനുകൂല നിലപാടാണുള്ളത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാവൂ. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ വായ്പ സംബന്ധിച്ച് ഇവരുമായി ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് 3 ശതമാനമാണ് വായ്പാ പരിധി. ഇതിലപ്പുറം വായ്പയെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും 3 ശതമാനത്തില്‍ കൂടുതല്‍ വായ്പയെടുക്കാറുണ്ട്. ആറുശതമാനം വരെ വായ്പയെടുത്തിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് മാത്രമായി മൂന്നു ശതമാനമേ പാടുള്ളൂ എന്ന് വാശിപിടിക്കേണ്ടതില്ല. മൂലധനച്ചെലവിലേക്ക് 15,000 മുതല്‍ 20,000 കോടി വരെയെങ്കിലും അടിയന്തരമായി കണ്ടെത്തണം. റോഡ് നിര്‍മിക്കാന്‍ മാത്രം 15,000 കോടി വേണ്ടിവരും. തദ്ദേശീയമായി വായ്പയെടുത്താല്‍ പലിശനിരക്ക് കൂടുതലാണ്. തിരിച്ചടക്കല്‍ കാലാവധി 10 വര്‍ഷം മാത്രമേയുണ്ടാവൂ. എന്നാല്‍ വിദേശ വായ്പയാണെങ്കില്‍ 30 വര്‍ഷം ലഭിക്കും. അങ്ങനെ വന്നാല്‍ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ(എസ്എല്‍ആര്‍) ബോണ്ടുകളുടെ കാര്യത്തില്‍ കേരളം തല്‍ക്കാലം പിന്‍മാറാന്‍ തയ്യാറാണെന്നു അറിയിച്ചിട്ടുണ്ട്. പദ്ധതി അനുബന്ധ ഫണ്ട് മതിയെന്ന നിലപാടാണു സംസ്ഥാനത്തിനുള്ളത്.
സാലറി ചാലഞ്ച് നിര്‍ബന്ധിത പിരിവല്ലെന്നും തോമസ് ഐസക് പറഞ്ഞു. അത്തരത്തിലൊരു മനോഭാവം ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. പണം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ അക്കാര്യം ഒപ്പിട്ടു നല്‍കിയാല്‍ മാത്രം മതി. സംഘടിത തൊഴിലാളി സംഘടനകളുള്ള കേരളത്തില്‍ നിര്‍ബന്ധിത പിരിവ് നടക്കുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല. ഇത് കേരളം മാത്രം ചെയ്യുന്നതല്ല. ഇന്ത്യന്‍ റെയില്‍വേയും ഒരു മാസത്തെ ശമ്പളം കേരളത്തിനായി പിടിക്കുന്നുണ്ട്. പ്രളയബാധിത സമയത്ത് കേരളത്തില്‍ ആര്‍ക്കും ഒരു മാസം വരുമാനമുണ്ടായിരുന്നില്ല. അപ്പോഴും സുരക്ഷിത വരുമാനമുണ്ടായിരുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. അവരോട് ഒരു മാസത്തെ ശമ്പളം ചോദിക്കുന്നതില്‍ അപാകതയില്ലെന്നും തോമസ്് ഐസക് പറഞ്ഞു.

Next Story

RELATED STORIES

Share it