Flash News

അക്ഷയശ്രീ, ഡിജിറ്റല്‍ ഹബ്ബിന്റെ പേരില്‍ വീണ്ടും രംഗത്ത്



പി എം അഹ്മദ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമാന്തര കുടുംബശ്രീയുടെ പേരില്‍ കോടികളുടെ തട്ടിപ്പു നടത്തിയ കേസില്‍ മുമ്പ് പിടിയിലായ അക്ഷയശ്രീ വീണ്ടും സംസ്ഥാനത്ത് തട്ടിപ്പിനു കളമൊരുക്കുന്നതായി ആക്ഷേപം. കേരള എന്‍ആര്‍ഐ ട്രസ്റ്റ് സെ ന്റര്‍ എന്ന പേരില്‍ എന്‍ആര്‍ഐ അക്ഷയശ്രീ ഡിജിറ്റല്‍ ഹബ്ബ് ശാഖ തുടങ്ങി വീണ്ടും തട്ടിപ്പിന് കളമൊരുക്കുന്നതായാണ് ആക്ഷേപമുയരുന്നത്. മിതമായ നിരക്കില്‍ ഗൃഹോപകരണങ്ങള്‍, ബ്രാന്റഡ് ഉല്‍പന്നങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി, പലചരക്കുകള്‍, രക്തപരിശോധന, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുമായാണ് സംഘം ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. ഹബ്ബിന്റെ നാലാമത്തെ ശാഖ ചെങ്ങന്നൂരില്‍ ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നതായി കാണിച്ച് ചില മാധ്യമങ്ങളില്‍ ഇന്നലെ പരസ്യവും വന്നിരുന്നു. ചെങ്ങന്നൂരില്‍ പരിപാടി നടക്കുന്നതറിഞ്ഞ് മുമ്പ് കബളിപ്പിക്കപ്പെട്ടവര്‍ എത്തി ബഹളം വച്ചതിനെത്തുടര്‍ന്ന് പരിപാടി അലങ്കോലപ്പെട്ടു. പ്രമുഖരുടെ പ്രൊഫൈലുകളാണ് മാര്‍ക്കറ്റിങിനായി സംഘം ഉപയോഗിക്കുന്നത്. 140 നിയോജക മണ്ഡലങ്ങളിലും എംഎല്‍എ ഫണ്ടിലേക്ക് ഒരു ലക്ഷം സംഭാവന നല്‍കിയാണ് പിന്തുണ ഉണ്ടാക്കുന്നത്. സ്ത്രീകളെയും ഗ്രാമീണ ജനങ്ങളെയും കബളിപ്പിക്കുന്നതിനായി മോഹന വാഗ്ദാനങ്ങളാണ് ലഘുലേഖയിലുടനീളം നല്‍കുന്നത്. ഇതിനായി 12 പേരടങ്ങുന്ന സമാന്തര കുടുംബശ്രീ യൂനിറ്റുകള്‍ രൂപീകരിക്കണം. ഇതില്‍ ഒരാള്‍ വിദേശ മലയാളിയോ അടുത്ത ബന്ധുക്കളില്‍പെട്ടയാളോ ആയിരിക്കണം. ഏഴുപേര്‍ വനിതകളായിരിക്കണം. അംഗമാവുന്ന ഒരാള്‍ രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ വീതം അടയ്ക്കണം. പിന്നീട് മാസവരി ഇനത്തില്‍ 600 മുതല്‍ 1200 വരെ മുമ്പ് വാങ്ങും. ഇങ്ങനെ ഇവര്‍ മുമ്പ് സമ്പാദിച്ചത് കോടികളാണ്. അംഗമാവുന്നവര്‍ക്ക് ജാമ്യമില്ലാതെ വായ്പാ സൗകര്യം ചെയ്തുകൊടുക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അന്ന് തട്ടിപ്പിനിരയായ കാഞ്ഞിരപ്പള്ളി സ്വദേശിനി മിനി ജോസഫ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2016 ജനുവരിയില്‍ കേരള എന്‍ആര്‍ഐ ട്രസ്റ്റ് ഉടമ ആലപ്പുഴ കാവാലം നടുവിലപ്പറമ്പില്‍ കൈലാസ് റാവുവിനെ കൊച്ചി സിറ്റി പോലിസ് അറസ്റ്റ് ചെയ്തതോടെ സംഘം പിന്‍വാങ്ങിയിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിനിയെയും കടുത്തുരുത്തി സ്വദേശിനിയെയും കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുമ്പ് തട്ടിപ്പിനു തുടക്കം കുറിച്ചത് 2015 മാര്‍ച്ചില്‍ കോട്ടയത്തായിരുന്നു.  അക്ഷയശ്രീ എന്നപേരില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രസ്റ്റിലേക്ക് പ്രാദേശിക ഏജന്റുമാരായി നിയമിച്ചവരില്‍ അധികവും വിധവകളായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ഭര്‍ത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ സ്ത്രീകളെയാണ് ഇവര്‍ ഏജന്റുമാരായി തിരഞ്ഞെടുത്തിരുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ ഇരയായത് കോട്ടയം ജില്ലയിലായിരുന്നു.
Next Story

RELATED STORIES

Share it