thrissur local

അക്രമി സംഘത്തിന്റെ കുത്തേറ്റ കോട്ടയം സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

തൃശൂര്‍: തൃശൂര്‍ നഗര മധ്യത്തില്‍ തേക്കിന്‍കാട് മൈതാനത്ത് അക്രമി സംഘത്തിന്റെ കുത്തേറ്റ കോട്ടയം സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോട്ടയം ആച്ചിക്കല്‍ പിയൂസ് മൗണ്ടില്‍ തുറംപിള്ളി വീട്ടില്‍ ഷാജി(50)യുടെ മൊഴി രജിസ്‌ട്രേറ്റ് എത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരനായ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിക്ക് സംഭവത്തില്‍ പങ്കുള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മറ്റു പ്രതികള്‍ക്കായി പോലിസ് അന്വേഷണം ശക്തമാക്കി. ഷാജിയുടെ മാലയും മറ്റും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ബന്ധു അനില്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയാണ് തേക്കിന്‍കാട് മൈതാനത്ത് വെച്ച് ഷാജിയെ ഹിന്ദി സംസാരിക്കുന്ന മൂന്നംഗസംഘം മാരകായുധങ്ങള്‍കൊണ്ട് ആക്രമിച്ച പണം കവര്‍ന്നത്. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ ഷാജിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. കഴുത്തിലെ പേശിയിലെ മുറിവാണ് ആഴത്തിലുള്ളത്. ഫയര്‍ സേഫ്റ്റി മെക്കാനിക്കായ ഷാജി നഗരത്തിലെ സ്ഥാനപത്തില്‍ നിന്നും ജോലി കഴിഞ്ഞ് തേക്കിന്‍കാട് മൈതാനത്തിലൂടെ നടന്നുവരുമ്പോഴായിരുന്നു ആക്രമണം. മാരകായുധം ഉപയോഗിച്ച് ഷാജിയുടെ നെഞ്ചിലും കൈയ്യിലും കുത്തിപരിക്കേല്‍പ്പിച്ച് പോക്കറ്റിലുണ്ടായിരുന്ന 3500രൂപ കവര്‍ന്നു. സംഭവം നടക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനിയില്‍ ആള്‍ക്കാര്‍ കുറവായിരുന്നു. പരിക്കേറ്റ് മൈതാനത്ത് കിടന്ന ഷാജിയെ സഹായിക്കാന്‍ ആരും അടുത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഷാജി മുണ്ടൂരിലുള്ള സഹോദരി ഭര്‍ത്താവ് അനിലിനെ ഫോണില്‍ വിളിച്ച് വിവരം പറയുകയും അരമണിക്കൂറിനകം അനിലെത്തിയപ്പോള്‍ ഷാജിയെ ജില്ലാ ആശുപത്രിക്കു മുന്നില്‍ തേക്കിന്‍കാട് മൈതാനത്ത് കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് എസിപി അടക്കമുള്ള പോലിസുകാരെത്തി നഗരം മുഴുവന്‍ കറങ്ങിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
Next Story

RELATED STORIES

Share it