അക്രമികളുടെ മൃതദേഹങ്ങള്‍ക്ക് കാവല്‍ 11 പോലിസുകാര്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണ സമയത്ത് സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട അക്രമികളുടെ മൃതദേഹങ്ങ ള്‍ക്ക് കാവല്‍ നില്‍ക്കുന്നത് 11 പോലിസുകാര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ച നാല് അക്രമികളുടെ മൃതദേഹത്തിന് മൂന്നു മാസത്തോളമായി 24 മണിക്കൂറും കാവല്‍ നില്‍ക്കുകയാണിവര്‍. ആക്രമണത്തിന്റെ തെളിവിനായാണ് മൃതദേഹങ്ങള്‍ അതീവ സുരക്ഷയില്‍ സൂക്ഷിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള അന്വേഷണ സംഘം ഇന്നലെ പത്തന്‍കോട്ട് സന്ദര്‍ശിച്ചെങ്കിലും മൃതദേഹങ്ങള്‍ പരിശോധിച്ചില്ല. കഴിഞ്ഞ ജനുവരി ഏഴിന് ഈ ആശുപത്രിയിലെത്തിച്ചതു മുതല്‍ മൃതദേഹങ്ങള്‍ക്ക് ഒരു മിനിറ്റുപോലും ഇടവേള നല്‍കാത്ത കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കോണ്‍സ്റ്റബിള്‍ ദല്‍ബീര്‍ സിങ് പറഞ്ഞു. മൃതദേഹത്തിനടുത്തേക്ക് ഒരാളെയും അടുപ്പിക്കരുതെന്നാണു നിര്‍ദേശം. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും മേല്‍നോട്ടത്തിനെത്താറുണ്ടെന്നും രാത്രികളില്‍ മതിലിനു പുറത്ത് ഒരു പോലിസ് വാഹനം എപ്പോഴുമുണ്ടാവുമെന്നും ഹെഡ് കോണ്‍സ്റ്റബിള്‍ വിനോദ്കുമാര്‍ പറഞ്ഞു.  നാല് മൃതദേഹങ്ങള്‍ രണ്ട് ഫ്രീസറുകളിലായി മൈനസ് രണ്ടുമുതല്‍ നാല് വരെ ഡിഗ്രി സെല്‍ഷ്യസിലാണു സൂക്ഷിച്ചിരിക്കുന്നത്. വെടിയുണ്ടകള്‍ തറച്ച ദ്വാരങ്ങളും ഗ്രനേഡ് സ്‌ഫോടനം മൂലം തകര്‍ന്ന അവയവങ്ങളുമുള്ള മൃതദേഹങ്ങള്‍ ഏറ്റുമുട്ടലിനു ശേഷം നാല്-അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിയതെന്ന് മുതിര്‍ന്ന മെഡിക്കല്‍ ഓഫിസര്‍ ഡോ. ഭൂവിന്ദര്‍ സിങ് പറഞ്ഞു. വൈദ്യുതി നിലയ്ക്കുമ്പോള്‍ മൃതദേഹങ്ങളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കാറുണ്ടെന്നും പോലിസ് പറഞ്ഞു. പുഴുവരിക്കുന്ന മൃതദേഹങ്ങള്‍ ഇടയ്ക്കിടെ വൃത്തിയാക്കാറുള്ളത് ചമന്‍ലാല്‍ എന്ന അറ്റന്‍ഡറാണ്.
Next Story

RELATED STORIES

Share it