അക്രമസമരങ്ങള്‍ക്കെതിരേ സുപ്രിംകോടതി; പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കരുത്

ന്യൂഡല്‍ഹി: പ്രതിഷേധത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടം ഈടാക്കണമെന്നും ഇത്തരം ചെയ്തികള്‍ അനുവദിച്ചു കൊടുക്കരുതെന്നും സുപ്രിംകോടതി. പ്രതിഷേധപരിപാടികള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണം. അക്രമസമരങ്ങള്‍ നടത്തുന്നവരില്‍നിന്നു രാജ്യത്തിന്റെ പൊതുസമ്പത്ത് അഗ്‌നിക്കിരയാക്കുന്നതിന് മതിയായ നഷ്ടപരിഹാരം ഈടാക്കാനും നിയമങ്ങള്‍ കൊണ്ടുവരണം.
ബിജെപിയായാലും കോണ്‍ഗ്രസ്സായാലും മറ്റേതൊരു പാര്‍ട്ടിയായാലും പ്രക്ഷോഭങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതുസം—ബന്ധിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു നേതാക്കള്‍ നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസ് ചോദ്യംചെയ്ത് ഗുജറാത്തിലെ പട്ടേല്‍ സംവരണ മുന്നണി നേതാവ് ഹാര്‍ദിക് പട്ടേല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ എസ് ഖേഹറും സി നാഗപ്പനും അടങ്ങുന്ന ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
അക്രമങ്ങള്‍ നടത്തി ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ പ്രത്യാഘാതം എന്താണെന്ന് രാജ്യം ആലോചിക്കേണ്ടതുണ്ട്. സമരങ്ങള്‍ക്കിടെ രാഷ്ട്രത്തിന്റെ സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുന്നത് വ്യാപകമായ സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമായെടുക്കുകയാണെന്നു പറഞ്ഞ കോടതി, ഹരജി ഇന്നത്തേക്കു മാറ്റി.
കഴിഞ്ഞവര്‍ഷം സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ വിഭാഗം നടത്തിയ സമരത്തിനിടെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു. അതേസമയം, ഹരിയാനയിലെ ജാട്ട് വിഭാഗം അക്രമാസക്ത സമരം നടത്തുമ്പോള്‍ മനോഹര്‍ലാല്‍ ഘട്ടാര്‍ സര്‍ക്കാര്‍ പൂര്‍ണമായും നിഷ്‌ക്രിയമായെന്നാരോപിച്ച് ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചു. പ്രക്ഷോഭത്തിനിടെ ജാട്ടുകള്‍ പൊതുമുതല്‍ നശിപ്പിക്കുക മാത്രമല്ല, ജനജീവിതം സ്തംഭിപ്പിച്ചെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. പ്രക്ഷോഭം കാരണം 850 തീവണ്ടികള്‍ റദ്ദാക്കി, 500 ഫാക്ടറികള്‍ അടച്ചു, രാജ്യതലസ്ഥാനത്ത് കുടിവെള്ളം മുടങ്ങി, 26 പെട്രോള്‍ പമ്പ് ബങ്കറുകള്‍ക്കു നേരെ ആക്രമണമുണ്ടായി. 12 റെയില്‍വേ സ്‌റ്റേഷനുകള്‍ കത്തിച്ചു, മൂന്ന് എന്‍ജിനുകള്‍ നശിപ്പിച്ചു, മൊത്തത്തില്‍ 500 കോടി ഡോളറിന്റെ നഷ്ടം കണക്കാക്കുന്നുവെന്നും ഹരജിക്കാരന്‍ പറഞ്ഞു. ഇതെല്ലാം പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം.
Next Story

RELATED STORIES

Share it