അക്രമരാഷ്ടീയത്തോട് തോല്‍ക്കാതെ അസ്‌ന

കണ്ണൂര്‍: ബോംബ് രാഷ്ട്രീയം അരങ്ങുവാഴുന്ന കണ്ണൂരിന്റെ ദുഃഖപുത്രിയായിരുന്നു ഏറെക്കാലം അസ്‌ന. ഇനി വേദനിക്കുന്ന രോഗികളുടെ കണ്ണീരൊപ്പാനും അവര്‍ക്ക് സാന്ത്വനം പകരാനും ഈ മിടുക്കിയുണ്ടാവും. അസ്‌ന ഇപ്പോള്‍ ഡോക്ടറാണ്. കഴിഞ്ഞ ദിവസമാണ് എംബിബിഎസ് പരീക്ഷയില്‍ വിജയിച്ചത്. ഒരുവര്‍ഷത്തെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയാല്‍ ഡോക്ടേഴ്‌സ് അക്രെഡിറ്റേഷനും ലഭിക്കും.
കേരളം മറന്നുകാണില്ല ഈ ചെറുവാഞ്ചേരി സ്വദേശിനിയെ. കണ്ണും കാതുമില്ലാത്ത അക്രമരാഷ്ട്രീയം അപഹരിച്ചത് അസ്‌നയുടെ വലതുകാലാണ്. 2000 സപ്തംബര്‍ 27 ആയിരുന്നു ആ ദുര്‍ദിനം. പഞ്ചായത്ത് തിരഞ്ഞെടുപ്പു ദിനത്തില്‍ സഹോദരന്‍ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു അഞ്ചുവയസ്സുകാരി. വീടിനു സമീപം പൂവത്തൂര്‍ ന്യൂ എല്‍പി സ്‌കൂളിലായിരുന്നു പോളിങ്‌സ്‌റ്റേഷന്‍. അവിടെയുണ്ടായ ആര്‍എസ്എസ്-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എറിഞ്ഞ ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌നയുടെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു.
പിന്നീട് പൊയ്ക്കാലിന്റെ കരുത്തിലേറി വിധിക്കെതിരേ പോരാടാനായിരുന്നു നിയോഗം. കൃത്രിമ കാല്‍ ശരീരവും മനസ്സും നുറുങ്ങുന്ന വേദന സമ്മാനിച്ചെങ്കിലും പുഞ്ചിരിയോടെ ഓരോ ചുവടുകളും താണ്ടി. ജീവനും ജീവിതവും തിരിച്ചുനല്‍കിയ വൈദ്യശാസ്ത്രത്തിലെ വിസ്മയങ്ങള്‍ പഠിക്കാനായിരുന്നു ആഗ്രഹം.
2013ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടി. സ്ഥാപനത്തിന്റെ മുകള്‍നിലയിലേക്കു കയറാന്‍ പ്രയാസമായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് പ്രത്യേകം ലിഫ്റ്റ് തന്നെ സ്ഥാപിച്ചു. കൃഷിമന്ത്രിയായിരുന്ന കെ പി മോഹനന്‍ ലാപ്‌ടോപ്പ് സമ്മാനമായി നല്‍കി. കേരളവും അസ്‌നയ്‌ക്കൊപ്പം നിന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചുനല്‍കുകയും നാട്ടുകാര്‍ 15 ലക്ഷത്തോളം രൂപ സമാഹരിച്ചുനല്‍കുകയും ചെയ്തു. ബോംബേറ് കേസില്‍ അന്നത്തെ ബിജെപി നേതാവും ഇപ്പോള്‍ സിപിഎമ്മുകാരനുമായ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു.
18 വര്‍ഷത്തിനിപ്പുറം അന്നത്തെ അഞ്ചുവയസ്സുകാരി ഇപ്പോള്‍ ഡോക്ടറാണ്. ഏറെ സന്തോഷമുണ്ടെന്നും ഈ വിജയം തന്നെ സഹായിച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതായും അസ്‌ന പറഞ്ഞു. മകളുടെ വിജയത്തില്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും സന്തോഷം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it