അക്രമത്തിന് പ്രേരിപ്പിച്ചത് ഇടത് സംഘടനയെന്ന് ഗ്രാമീണര്‍

ചെന്നൈ: 13 പേരുടെ ജീവനെടുത്ത തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തില്‍ അക്രമത്തിനു പ്രേരിപ്പിച്ചത് ഇടത് സംഘടനയെന്നു ഗ്രാമീണര്‍. വെടിവയ്പില്‍ കലാശിച്ച മെയ് 22ലെ കലക്ടറേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുകയും നിരവധി അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
മക്കല്‍ ആദികരം (ജനശക്തി) എന്ന സംഘടനയാണ് സമരത്തിന് പ്രേരിപ്പിച്ചതെന്നാണ് ഗ്രാമീണര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. തങ്ങളുടെ മനസ്സ് മാറ്റി കലക്ടറേറ്റ് മാര്‍ച്ചിന് സംഘടനയും അവരുമായി ബന്ധമുള്ള മറ്റു സംഘടനകളും സമരത്തിനിറക്കിയെന്നാണ് മഡത്തൂര്‍ ഗ്രാമവാസികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 2ന് ജില്ല നിയമസഹായ സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗ്രാമത്തിലെ നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയും പരാതിയിലുണ്ട്.
സമാധാനപരമായി വിഷയം സര്‍ക്കാരിന്റെ മുമ്പില്‍ അവതരിപ്പിക്കാനായിരുന്നു സമരക്കാരുടെ തീരുമാനം. എന്നാല്‍, ആരോപണവിധേയരായ സംഘടനയിലെ രണ്ട് അഭിഭാഷകരും സഹായികളും ഇതില്‍ ഇടപെട്ട് ഗ്രാമവാസികളുടെ മനസ്സ് മാറ്റിച്ചു. എന്നാല്‍, സമരവുമായി ബന്ധമില്ലെന്നാണ് അഭിഭാഷകര്‍ ഇപ്പോള്‍ പറയുന്നതെന്നും ഇത് തങ്ങളെ ഭയപ്പെടുത്തുന്നതായും ഗ്രാമവാസികള്‍ പറയുന്നു.
ഇവര്‍ക്കു പുറമെ ത്രെസ്പുരത്തെ നിരവധി മല്‍സ്യത്തൊഴിലാളികളും സംഘടനയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ആരോപണം സംഘടന നിഷേധിച്ചു. പോലിസ് നിര്‍ബന്ധത്തിലാണ് ഇത്തരം പരാതികള്‍ വന്നതെന്ന് സംഘടന വിശദീകരിക്കുന്നു.
Next Story

RELATED STORIES

Share it