അക്രമത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: കുമ്മനം

കണ്ണൂര്‍: ജില്ലയില്‍ സിപിഎം അക്രമത്തിനിരയായ സംഘപരിവാരം പ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയാണ്.
27വീടുകള്‍ തകര്‍ക്കപ്പെട്ടു. 27പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വീടുകളും വാഹനങ്ങളും ജീവിതോപാധിയും തകര്‍ത്ത വകയില്‍ രണ്ടുകോടിയുടെ നഷ്ടമാണുണ്ടായതെന്നും കുമ്മനം അറിയിച്ചു. സിപിഎം നടത്തിയ അക്രമങ്ങളെല്ലാം ആസുത്രിതമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പിണറായി വിജയന്‍ തന്റെ ഭരണകാലത്ത് നന്മയും നിഷ്പക്ഷതയും ഉറപ്പുവരുത്തുമെന്ന് പറയുന്നു. ഇപ്പറയുന്നതില്‍ ആത്മാര്‍ഥതയുമുണ്ടെങ്കില്‍ പിണറായി വിജയന്റെ ജന്മനാട്ടില്‍ അത് ആദ്യം നടപ്പാക്കണം.
ബിജെപിക്ക് അനുകൂലമായ ജനവികാരത്തെ തകര്‍ക്കാനും തളര്‍ത്താനുമാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. ജില്ലാപ്രസിഡന്റ് സി സത്യപ്രകാശ്, ജില്ലാസെക്രട്ടറിമാരയ സി വിനോദ്കുമാര്‍, അഡ്വ. രത്‌നാകരന്‍, കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന കെ ജി ബാബു പങ്കെടുത്തു.
Next Story

RELATED STORIES

Share it