Alappuzha local

അക്രമകാരികളായ കോണ്‍ഗ്രസ്സുകാരെ പോലിസ് സംരക്ഷിക്കുന്നു: ജി സുധാകരന്‍

കായംകുളം: ഭരണിക്കാവ് പഞ്ചായത്തില്‍ അക്രമകാരികളായ കോണ്‍ഗ്രസ്സുകാരെ പോലിസ് സംരക്ഷിക്കുന്നതായി ജി സുധാകരന്‍ എംഎല്‍എ കുറ്റപ്പെടുത്തി.
ജില്ലാപഞ്ചായത്ത് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാകമ്മിറ്റി അംഗവുമായ എ എം ഹാഷിറിന്റെ വീട്ടില്‍ ആക്രമണം നടന്ന സംഭവത്തില്‍ കായംകുളത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമകാരികളായ കോണ്‍ഗ്രസ്സുകാരെ സംരക്ഷിക്കുന്ന വള്ളികുന്നം എസ്‌ഐക്കെതിരേ ഇന്ന് ഡിജിപിക്ക് പരാതി നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു.
കമ്പിവടിയുമായി എത്തിയ നാലംഗ സംഘം അതിക്രമിച്ചുകയറി ഹാഷിറിന്റെ ഭാര്യയുടെ തലമുടിക്കു കുത്തിപ്പിടിക്കുകയും മകളെ ഉള്‍പ്പെടെ അസഭ്യം പറയുകയും ചെയ്തു. ബഹളം കേട്ട് ഹാഷിറും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും സംഘത്തിലെ രണ്ടുപേര്‍ കടന്നുകളഞ്ഞു. മറ്റു രണ്ടുപേരെ തടഞ്ഞുവച്ച ശേഷം പോലിസില്‍ അറിയിച്ചു. പോലിസ് കസ്റ്റഡിയിലെടുത്ത ഇവരുടെ പേരില്‍ കേസ് എടുക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഹാഷിറിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹാഷിറിന്റെ വീടിനു നേരേ ഏഴിനു വൈകിട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്താന്‍ ശ്രമിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ കേസെടുക്കുകയും എസ്‌ഐയുടെ നടപടികളെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ജി സുധാകരന്‍ പറഞ്ഞു.ഭരണിക്കാവ്, പത്തിയൂര്‍, ആലപ്പുഴ മേഖലകളില്‍ സിപിഎമ്മുകാര്‍ വേട്ടയാടപ്പെടുന്നു.ആഭ്യന്തിര മന്ത്രിയുടെ സ്വന്തം ജില്ലയില്‍ അക്രമികളെ സംരക്ഷിക്കുന്ന പോലിസിനെതിരേ നടപടി സ്വീകരിക്കാന്‍ മന്ത്രി തയ്യാറാവുന്നില്ല.അന്തമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇതിനു കാരണം. ആഭ്യന്തിര മന്ത്രിയുടെ മണ്ഡലത്തില്‍ പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മന്ത്രി മൗനം പാലിക്കുകയാണ്.
ജനാധിപത്യ മൂല്യം പാലിച്ചിരുന്നെങ്കില്‍ കോടതിയുടെ പരാമര്‍ശം വന്നപ്പോള്‍തന്നെ കെ എം മാണി രാജി വക്കുമായിരുന്നു. എന്നാല്‍ രാജിവച്ചില്ല. രാജന്‍ കേസില്‍ കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ തന്നെ കെ കരുണാകരന്‍ രാജിവച്ച് മാന്യത കാട്ടിയിരുന്നു. ആര്‍എസ്എസ്, ബിജെപി, എസ്എന്‍ഡിപി സഖ്യത്തിനെതിരെ സിപിഎം പോരാട്ടം തുടരുമെന്നും ജി സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it