kozhikode local

അക്രമം അരങ്ങേറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ കലക്ടര്‍ മടങ്ങി

വടകര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപക അക്രമങ്ങള്‍ അരങ്ങേറിയ ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാതെ ജില്ലാ കലക്ടര്‍ മടങ്ങിയത് വിവാദമായി. ഇന്നലെ ഉച്ചയോടെയാണ് ജില്ലാ കലക്ടര്‍ യുവി ജോസ് സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകരയിലും മണിയൂരിലും സന്ദര്‍ശനം നടത്തിയത്.
എന്നാല്‍ ഏകപക്ഷീയമായ അക്രമം അരങ്ങേറിയ ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളില്‍ സമാധാനം നിലനിര്‍ത്താനുള്ള നടപടികളെടുക്കുന്നതില്‍ അധികാരികളില്‍ നിന്നുള്ള സമീപനത്തെ ഏറെ ചോദ്യചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കലക്ടര്‍ സന്ദര്‍ശനം നടത്താതെ മടങ്ങിയത് വിവാദമായത്.
ആര്‍എംപി പ്രവര്‍ത്തകരെയും അവരുടെ കടകള്‍, വീടുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ രീതിയില്‍ അക്രമിക്കപ്പെട്ടിരുന്നു. ഈ അക്രമങ്ങളില്‍ തന്നെ വന്‍ തോതിലുള്ള നാശനഷ്ടങ്ങളാണ് ഇവിടങ്ങളില്‍ സംഭവിച്ചത്. മാത്രമല്ല അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കേസുകളിലും പൊലിസ് ഏകപക്ഷീയ നിലപാട് സ്വീകരിച്ചതായും ആരോപണമുണ്ട്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1ന് ജനകീയ പ്രതിരോധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
അക്രമം നടന്ന സമയത്ത് തന്നെ എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് പോലുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. അവസാനിക്കാത്ത അക്രമങ്ങളുടെ പരമ്പരയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ബോംബേറ്, ആര്‍എംപി പ്രവര്‍ത്തകനെ മര്‍ദിച്ചതുള്‍പ്പടെ എന്നിവയും നടന്നിട്ടുണ്ട്.
സാധാരണ നിലയില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ അരങ്ങേറിയാല്‍ കലക്ടര്‍, ഉന്നത പൊലീസ്, ജനപ്രതിനിധികള്‍ ഇടപെട്ട് സമാധാന യോഗമടക്കമുള്ളവ ചേരാറുണ്ട്. എന്നാല്‍ ഇവിടെ അത്തരത്തിലുള്ള ഒരു നടപടിയും കൈകൊണ്ടിട്ടില്ല.
ഈ കാര്യത്തില്‍ സ്ഥലം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. മാത്രമല്ല സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ എംഎല്‍എ എടുത്ത നിലപാടും ഏറെ വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ വടകരയിലെത്തിയിട്ടും അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലം സന്ദര്‍ശനം നടത്താതെ പോയത് വിവാദമായത്.
Next Story

RELATED STORIES

Share it