Articles

അക്ബറും സാക്കിറും പ്രതീകം മാത്രം

പി  എ  എം  ഹാരിസ്
ആടിനെ പട്ടിയാക്കാന്‍ പ്രയാസം, അതു കഴിഞ്ഞാല്‍ പേപ്പട്ടിയാക്കാനും തല്ലിക്കൊല്ലാനും അത്ര പ്രയാസം വരില്ല. സ്വാതന്ത്ര്യസമര പോരാട്ടവേളയില്‍ ദേശീയ മുസ്‌ലിമല്ലാത്തവര്‍ മഹാ ദേശവിരുദ്ധരായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ലീഗും നേതാക്കളും വര്‍ഗീയ മുദ്ര ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സുമായും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും സഖ്യം ചേര്‍ന്നതോടെ ലീഗ് ഒരുവിധം രക്ഷപ്പെട്ടു. അപ്പോഴേക്കും അര്‍ധസൈനിക-വര്‍ഗീയ മുദ്രകുത്തി ജമാഅത്തെ ഇസ്‌ലാമിക്കു നേരെയായി. 75ലും 92ലുമായി രണ്ടു തവണ ജമാഅത്ത് നിരോധിക്കപ്പെട്ടു.
1980കളുടെ അവസാനത്തില്‍ കോഴിക്കോട് കലിമ ബുക്‌സ് ഇസ്‌ലാം വിജ്ഞാനകോശം പുറത്തിറക്കി. മലയാളത്തിലെ പ്രഥമ ഇസ്‌ലാമിക വിജ്ഞാനകോശമായിരുന്നു അത്. കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയെന്ന വ്യാജ ആരോപണവുമായി സംഘപരിവാരം ബഹളംവച്ചു. ഇന്നു മതസൗഹാര്‍ദത്തിന്റെ ഉജ്ജ്വല പ്രതീകമായ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയായിരുന്നു അതിനു നേതൃത്വം കൊടുത്തത്.
ജനസംഖ്യാടിസ്ഥാനത്തില്‍ മുസ്‌ലിം ഭൂരിപക്ഷമേഖല അടയാളപ്പെടുത്തിയ ഭൂപടമാണ് സംഘികള്‍ തെറ്റായി ചിത്രീകരിച്ചത്. അതിന്റെ ഹോണററി എഡിറ്ററെയും പ്രസാധകനെയും പ്രതികളാക്കി നായനാര്‍ സര്‍ക്കാര്‍ കേസെടുത്തു. വര്‍ഷങ്ങള്‍ നീണ്ടുനിന്നുവെങ്കിലും കേസ് വെറുതെ വിട്ടു. വെറും ഭൂപടപ്രശ്‌നം മാത്രമായിരുന്നില്ല കുറ്റപത്രം. വിജ്ഞാനകോശം ലേഖനങ്ങളില്‍ പ്രവാചകന്റെ അനുചരന്‍ അബൂദര്‍റ് വിഗ്രഹാരാധനയെ എതിര്‍ത്തു, അബ്രഹാം വിഗ്രഹങ്ങള്‍ തകര്‍ത്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ മതവിദ്വേഷം ഉണ്ടാക്കുമെന്നതായിരുന്നു കുറ്റാരോപണങ്ങളില്‍ മുഖ്യം.
പിന്നെ മുസ്‌ലിംലീഗ് നേതാവ് സുലൈമാന്‍ സേട്ടും ഇടയ്ക്ക് അബ്ദുന്നാസിര്‍ മഅ്ദനിയും ലക്ഷ്യങ്ങളായി. ഉറച്ച മതവിശ്വാസിയായിരുന്ന സേട്ടിനെ ശരീഅത്ത് വിവാദവേളയിലും അതിനു ശേഷവും രാജ്യദ്രോഹിയായി മുദ്രകുത്തുന്നതില്‍ ഇടതുപക്ഷം ജനസംഘത്തോട് മല്‍സരിച്ചു. സേട്ട് തികഞ്ഞ മതേതരവാദിയും നല്ല ദേശസ്‌നേഹിയുമായിരുന്നുവെന്ന സാക്ഷ്യപത്രം പുറത്തുവരാന്‍ അദ്ദേഹം മരിക്കേണ്ടിവന്നു. 1999ല്‍ കോഴിക്കോട് പ്രസംഗക്കേസില്‍ അര്‍ധരാത്രി അറസ്റ്റ് ചെയ്ത മഅ്ദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തമിഴ്‌നാടിനു കൈമാറി വര്‍ഷങ്ങളോളം തുറുങ്കിലടച്ചു.
അടുത്ത ഊഴം അഖിലേന്ത്യാതലത്തില്‍ സുസംഘടിതമായ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനമായ സിമിക്കായിരുന്നു. വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ സിമിയെ നിരോധിച്ചു. അന്യായമായ ആ നിരോധനത്തിനെതിരേ കോണ്‍ഗ്രസ്സും സിപിഐ-സിപിഎം നേതാക്കളും ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിംലീഗ് തുടങ്ങിയ സംഘടനകളും പ്രമേയം പാസാക്കിയത് സത്യം. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രണ്ടു തവണ കേന്ദ്രത്തില്‍ അധികാരത്തിലേറിയിട്ടും സിമിയുടെ നിരോധനം നീക്കിയില്ല. നിരോധനത്തിനു മുമ്പ് ഒരൊറ്റ ഭീകരതാ കേസും സിമിയുടെ പേരില്‍ ഇല്ലായിരുന്നു. നിരോധിത സംഘടനയായ സിമിക്കെതിരേ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നൂറിലേറെ കേസുകള്‍ രാജ്യത്ത് പല ഭാഗങ്ങളിലായി കോടതിയിലെത്തി. വിരലിലെണ്ണാവുന്നവ ഒഴിച്ച് മിക്കവാറും എല്ലാ കേസുകളും വെറുതെ വിട്ടുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അജിത് സാഹി ടെഹല്‍കയില്‍ വെളിപ്പെടുത്തി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി വ്യക്തികളെയും സംഘടനകളെയും ഒറ്റതിരിച്ച് ആക്രമിക്കുമ്പോള്‍ സംഘപരിവാരം ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയുമാണ്. സാധ്യമായ ശബ്ദത്തിലും വരികളിലും അവര്‍ അതു വിളിച്ചുപറയുകയും ചെയ്തു. പക്ഷേ, മുസ്‌ലിം സമുദായവും ഉത്തരവാദപ്പെട്ട നേതാക്കളും പലപ്പോഴും സുഖസുഷുപ്തിയിലായിരുന്നു. ഞാനും വീട്ടുകാരിയും പിന്നെ തട്ടാനും സുരക്ഷിതരാണെന്ന മിഥ്യാധാരണയിലായിരുന്നു ഏറെ പേരും. അറസ്റ്റിലാവുന്നത് തീവ്രവാദികളാണെന്നും ആ പട്ടികയില്‍ ഞങ്ങളില്ലെന്നും അലറിവിളിച്ച ചില വാമൊഴികള്‍ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്.
ധക്കയില്‍ കഴിഞ്ഞ വര്‍ഷം ജുലൈ ഒന്നിനു നടന്ന ആക്രമണത്തില്‍ പങ്കെടുത്ത റോഹന്‍ ഇംതിയാസ് എന്ന യുവാവിനു പ്രചോദനമായത് ഇസ്‌ലാമിക പണ്ഡിതനായ ഡോ. സാക്കിര്‍ നായികിന്റെ പ്രഭാഷണമാണെന്നും മലേസ്യയില്‍ പോലും അദ്ദേഹത്തിനു സന്ദര്‍ശന വിലക്കുണ്ടെന്നും ഒരു ബംഗ്ലാദേശി പത്രം വാര്‍ത്ത നല്‍കി. സൂക്ഷ്മഗ്രാഹികളായ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിച്ചു. സൗദിയില്‍  ഉംറയ്‌ക്കെത്തിയ ഡോ. സാക്കിര്‍ നായികിന്റെ പ്രതികരണം അടുത്ത ദിവസം മക്കയില്‍ നിന്നു വന്നു: തന്റെ പ്രസംഗം ഭീകരതയ്ക്ക് ഒട്ടും പ്രചോദനമാവില്ല. രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നല്‍കി ആദരിച്ച മലേസ്യയില്‍ തനിക്ക് ഒരു വിലക്കുമില്ലെന്നും പത്രം കള്ളം പറയുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. തെറ്റായ വാര്‍ത്തയ്ക്ക് ബംഗ്ലാദേശി പത്രം ഡോ. സാക്കിര്‍ നായികിനോട് ക്ഷമാപണം നടത്തി.
ധക്കയില്‍ നിരപരാധികളെ വധിക്കുന്നതിനു ഡോ. സാക്കിര്‍ നായികിന്റെ പ്രസംഗം ഭീകരനു പ്രചോദനമായെന്ന് തങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അക്രമികളില്‍ ഒരാളായ റോഹന്‍ ഇംതിയാസ് 2015ല്‍ സാക്കിര്‍ നായികിന്റെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നുവെന്നു മാത്രമാണ് വാര്‍ത്ത നല്‍കിയതെന്നും പത്രം വ്യക്തമാക്കി. തുടര്‍ന്ന് ധക്ക ആക്രമണവുമായി ഡോ. സാക്കിര്‍ നായികിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാരും വ്യക്തമാക്കി.
എന്നാല്‍, പല ഇന്ത്യന്‍ മാധ്യമങ്ങളും വികാരാവേശം കൈവിട്ടില്ല. ബംഗ്ലാദേശ് പത്രം തിരുത്തിയിട്ടും ഇന്നും അതു തുടരുന്നു. ഡോ. സാക്കിര്‍ നായിക് ഉംറ കഴിഞ്ഞ് സൗദിയില്‍ നിന്നു മുംബൈയില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തയ്ക്ക് പ്രമുഖ മലയാള പത്രം ഓണ്‍ലൈനില്‍ തലക്കെട്ട് നല്‍കിയത് 'ധക്ക ആക്രമണത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുന്നത്' എന്നാണ്! (ധക്ക ബേക്കറി ആക്രമിച്ച ആറു പേരില്‍ ഉള്‍പ്പെട്ട നിബ്രാസുല്‍ ഇസ്‌ലാം ബോളിവുഡ് നടി ശ്രദ്ധ കപൂറിനെ കണ്ട് ആവേശഭരിതനായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. നടിക്ക് ഹസ്തദാനം നല്‍കുന്ന ചിത്രം ഈ യുവാവ് ആവേശപൂര്‍വം 2015 ജൂണ്‍ 8നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നടിയെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച ഒരു ചോദ്യവും ഉയര്‍ന്നില്ല).
ഉത്തരേന്ത്യന്‍ മുസ്‌ലിം സമൂഹത്തിനും നേതാക്കള്‍ക്കും ഈ ഭീഷണി തിരിച്ചറിയാനായി. ഡോ. സാക്കിര്‍ നായികിനു പിന്തുണയുമായി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, ഉവൈസിയുടെ മീം, ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, ജംഇയ്യത്ത് ഉലമായെ ഹിന്ദ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ് ഹിന്ദ്, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ തുടങ്ങിയ വേദികളും സംഘടനകളും മുന്നോട്ടുവന്നു.
നേരത്തേ നല്‍കിയ ചില മതവിധികള്‍ അനവസരത്തില്‍ ഉദ്ധരിച്ച് ഡോ. സാക്കിര്‍ നായികിനെതിരേ ഉപയോഗപ്പെടുത്തുന്നതില്‍ വിയോജിപ്പുമായി ദയൂബന്ദ് പണ്ഡിതരും ശക്തമായ നിലപാടെടുത്തു. പല കാര്യങ്ങളിലുമുള്ള അഭിപ്രായവ്യത്യാസം മാറ്റിവച്ച് ദേശീയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഡോ. സാക്കിര്‍ നായികിനെതിരായ മാധ്യമ വിചാരണ അപലപിച്ചു.
പൊതുവേ സലഫി ചിന്താധാര സ്വീകരിക്കുന്നുവെങ്കിലും പ്രകോപനപരമായ ശൈലി സ്വീകരിക്കാത്ത ഡോ. സാക്കിര്‍ നായിക് കേരളത്തില്‍ എസ്‌കെഎസ്എസ്എഫ് വേദിയില്‍ പോലും അതിഥിയായിരുന്നു. ദുരാരോപണങ്ങള്‍ ഉയര്‍ന്ന നേരം നോക്കി ഡോ. സാക്കിര്‍ നായികിനെതിരേ പ്രസ്താവനകളും ആരോപണങ്ങളുമാ യി കേരളത്തില്‍ ചില കേന്ദ്രങ്ങള്‍ രംഗത്തിറങ്ങുന്നതിനെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. തങ്ങളെല്ലാം സുരക്ഷിത മേഖലയിലാണെന്ന് അവര്‍ ധരിക്കുന്നുവോ? 'ഇന്ന് ഞാന്‍, നാളെ നീ' എന്നു ചരിത്രം അവരെ ബോധ്യപ്പെടുത്താതിരിക്കില്ല.
മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിനു ചുമതലപ്പെടുത്തിയ പ്രത്യേക പോലിസ് സംഘവും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഡോ. സാക്കിര്‍ നായികിനു ക്ലീന്‍ചിറ്റ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ ഇടക്കാലത്ത് റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യക്കകത്തും പുറത്തും നടത്തിയ നൂറുകണക്കിനു പ്രസംഗങ്ങളും യൂട്യൂബ് വീഡിയോകളും വിലയിരുത്തിയ സംഘം മറ്റ് സംസ്ഥാനങ്ങളിലെ അന്വേഷണസംഘങ്ങളില്‍ നിന്നും വിവരം ശേഖരിച്ചു. മൊത്തം പരിശോധിച്ച ശേഷം ഡോ. സാക്കിര്‍ നായികിന്റെ പേരില്‍ കുറ്റം ചാര്‍ത്താന്‍ വകുപ്പുകളില്ലെന്നാണ് കണ്ടെത്തിയത്.
പക്ഷേ, സാക്കിര്‍ നായികിനെ കുടുക്കണമെന്നു തീരുമാനിച്ചവര്‍ പിന്നീടും അതിനു പഴുതുകള്‍ തേടി. ആദ്യം ഐഎസ് ബഹളം. പിന്നെ ഡോ. നായികിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ അതുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍. ഗുജറാത്തിലെ ഇരകള്‍ക്കു പിന്തുണയേകിയ ടീസ്ത സെറ്റല്‍വാദിനെതിരേ ഉന്നയിച്ച പോലെ സാമ്പത്തിക ആരോപണങ്ങള്‍ പിറകെ വന്നു. എന്നാല്‍, ഹോംവര്‍ക്ക് ചെയ്തിട്ടും തെളിവുകള്‍ ഒന്നും കിട്ടാത്ത എന്‍ഐഎ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ നിരാകരിച്ചത് നാണക്കേടായിരുന്നു.
അതിനു പിന്നാലെ പണം വെളുപ്പിക്കല്‍ തടയല്‍ നിയമം. അപ്പീല്‍ ട്രൈബ്യൂണലായ ജസ്റ്റിസ് മന്‍മോഹന്‍ സിങ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശരിക്കും കുടഞ്ഞു. ഡോ. സാക്കിര്‍ നായികിന്റെ ഫൗണ്ടേഷന്‍ വക സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത് ട്രൈബ്യൂണല്‍ തടഞ്ഞു. ദിവ്യന്മാര്‍ക്കെതിരേ യാതൊരു നടപടിയും ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ക്രിമിനല്‍ കേസ് നേരിടുന്ന, 10,000 കോടിയിലേറെ സ്വത്തുള്ള പത്ത് ബാബമാരുടെ പേരു പറയാം, അവരില്‍ ആരെങ്കിലും ഒരാള്‍ക്കെതിരേ നിങ്ങള്‍ എന്തെങ്കിലും നടപടിയെടുത്തുവോ? ആശാറാം ബാപ്പുവിനെതിരേ നിങ്ങള്‍ എന്തു ചെയ്തു എന്നായിരുന്നു ജ. സിങിന്റെ ചോദ്യം. സര്‍ക്കാര്‍ ഏജന്‍സിക്ക് ഉത്തരം മുട്ടി.                                         ി

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it