അക്ബര്‍ കക്കട്ടില്‍ അനുഭവങ്ങളിലൂടെ മാര്‍ഗദര്‍ശിയായ കഥാകൃത്ത്

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: കഥയും കവിതയും നോവലും എഴുതിത്തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം അനുഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് മാര്‍ഗദര്‍ശിയായ എഴുത്തുകാരനായിരുന്നു അന്തരിച്ച കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍. 'എവിടെയോ നിങ്ങള്‍ക്കു വേണ്ടി ഒരു വായനക്കാരന്‍/ വായനക്കാരി ചെവിയോര്‍ക്കുന്നുണ്ട്. അയാ ള്‍ എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാവണം. അയാളായിരിക്കണം നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും. അക്ബര്‍ കക്കട്ടില്‍ ഒഴിവുകാലം എന്ന പേരിട്ട പംക്തിയില്‍ എഴുതാനാഗ്രഹിക്കുന്നവര്‍ക്ക് നല്‍കിയ ഉപദേശമാണിത്.
നിങ്ങളാണ് നിങ്ങളുടെ ശൈലി. കഥയോടൊപ്പം കവിതയോടൊപ്പം നിങ്ങളുടെ പേര് വച്ചില്ലെന്ന് കരുതൂ. നിങ്ങളുടെ രചനയുടെ സവിശേഷതകള്‍കൊണ്ട് ഒരു നല്ല വായനക്കാരന്‍ അത് നിങ്ങളുടേതാണെന്ന് തിരിച്ചറിയുന്നു. എങ്കില്‍ ഉറപ്പിക്കാം സാഹിത്യ രംഗത്ത് നിങ്ങള്‍ ഒരു കസേര നേടിക്കഴിഞ്ഞു എന്ന്.
അനുഭവ ദാരിദ്ര്യമുള്ളവര്‍ അവന്‍ എത്ര പ്രതിഭാശാലിയായാലും എഴുതുന്നത് തുടര്‍ച്ചയായി വായിക്കാനാവില്ല. ഏത് കൃതിയും അത് ഈ രീതിയിലെ എഴുതാന്‍ പറ്റൂ. മറ്റൊരു രീതിയില്‍ എഴുതിയാല്‍ നന്നാകുമായിരുന്നില്ല. എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുവെങ്കില്‍ അതൊരു വലിയ വിജയമാണ്. അതിനാല്‍ നാം എന്ത് വായിക്കുമ്പോഴും ഞാനാണെങ്കില്‍ ഇതെങ്ങനെ എഴുതുമായിരുന്നു എന്നാലോചിക്കുന്നത് നല്ലൊരു പരിശീലനമാണ്. നമ്മളാണ് നമ്മുടെ ശൈലി. അത് മറക്കാതിരിക്കുക.മറ്റൊരിക്കല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ക്കായി കക്കട്ടില്‍ നല്‍കിയ ഉപദേശമാണിത്. പുതിയ എഴുത്തുകാരെ സര്‍ഗാത്മകതയുടെ വഴിയില്‍ പ്രോല്‍സാഹിപ്പിക്കുന്നതിലും രചനാ ശൈലി അനുഭവിപ്പിക്കുന്നതിലും അക്ബര്‍ കക്കട്ടലിനോളം മിടുക്ക് മറ്റൊരു സാഹിത്യകാരനും ഉണ്ടായിരുന്നില്ല.
ഓരോ ആളുകള്‍ക്കും അയാളുടെതായ ചില രീതികളുണ്ട് എഴുത്തുകാര്‍ക്കും. കഥ മുഴുവന്‍ മനസ്സിലെഴുതിയ ശേഷമാണ് ഞാന്‍ കടലാസിലാക്കുക. എഴുതുമ്പോള്‍ മാറ്റം വരാം. എന്നാലും മുഴുവന്‍ കഥയാവാതെ എഴുതാനിരിക്കാനാവില്ല. കഥകളില്‍ തത്ത്വചിന്തകളും സന്ദേശങ്ങളുമൊക്കെ തിരുകിവയ്ക്കാന്‍ എനിക്കു പറ്റില്ല. പുതിയ എഴുത്തുകാര്‍ക്ക് അക്ബര്‍ കക്കട്ടില്‍ നല്‍കിയ മാര്‍ഗനിര്‍ദേശമാണിത്.
സര്‍ഗാത്മകതയുടെ പാതയില്‍ പുതിയ വഴികള്‍ സൃഷ്ടിച്ച ഈ സാഹിത്യകാരന്‍ എഴുതിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുതിപ്പിച്ചും മലയാള സാഹിത്യത്തെ ചൈതന്യമുള്ളതാക്കി. നിങ്ങളുടെ രചന മറ്റുള്ളവര്‍ ആസ്വദിക്കണമെന്ന് നിങ്ങള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ അത്രതന്നെ, അല്ലെങ്കില്‍ അതിനെക്കാള്‍ പ്രധാനമാണ് മറ്റുള്ളവരുടെ രചനകള്‍ ആസ്വദിക്കാനുള്ള നിങ്ങളുടെ സന്നദ്ധതയും. വായനക്കപ്പുറത്തേക്ക് എഴുത്തുകാരെ കൊണ്ടുപോവാന്‍ പ്രിയപ്പെട്ട കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ ഓര്‍മിപ്പിച്ചതാണിത്. അക്ബര്‍ കക്കട്ടിലിന്റെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ ഒത്തിരി എഴുത്തുകാര്‍ക്കാണ് പ്രയോജനമായത്.
Next Story

RELATED STORIES

Share it