Flash News

അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് പുതിയ രൂപത്തില്‍

അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് പുതിയ രൂപത്തില്‍
X
തിരുവനന്തപുരം:ബാങ്ക് അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് പുതിയ രൂപത്തില്‍. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഡെപ്പോസിറ്റ് ആയതായി അവരെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം പണം തട്ടുന്നത്. നമ്മുടെ അക്കൗണ്ടില്‍ പണം ഡെപ്പോസിറ്റ് ആയതായി മൊബൈലിലേക്ക് നോട്ടിഫിക്കേഷന്‍ അയക്കും. പിന്നീട് ഇവര്‍ തന്നെ വിളിച്ച് അബദ്ധത്തില്‍ പണം ഡെപ്പോസിറ്റായതാണെന്നും തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെടും. ഇത്തരത്തിലാണ് സംഘം പണം തട്ടുന്നത്.



കഴിഞ്ഞദിവസം ഇത്തരത്തില്‍ ഒരാളുടെ അക്കൗണ്ടില്‍ 82000 രൂപ ഡെപ്പോസിറ്റ് ആയതായി ഇയാള്‍ക്ക് മൊബൈലില്‍ നോട്ടിഫിക്കേഷന്‍ വന്നു. റഫറന്‍സ് J002 എന്നുമാത്രമായിരുന്നു നോട്ടിഫിക്കേഷനില്‍ ഉണ്ടായിരുന്നത്. ആരാണ് പണം ഡെപ്പോസിറ്റ് ചെയ്തത് എന്ന് വ്യക്തമായിരുന്നില്ല. ഇതിന് പിന്നാലെ റവന്യൂ വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും പണം അബദ്ധത്തില്‍ ഡെപ്പോസിറ്റ് ആയതാണെന്നും അറിയിക്കുകയായിരുന്നു. വാറ്റ് റിട്ടേണ്‍ ആയ 82000 രൂപ അബദ്ധത്തില്‍ താങ്കളുടെ അക്കൗണ്ടിലേക്ക് ഡെപ്പോസിറ്റ് ആയെന്നും ഇത് തിരിച്ചുനല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതിന് പിന്നാലെ ബാങ്ക് വിവരങ്ങള്‍ അടങ്ങുന്ന, ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ഒരു കത്ത് ഫാക്‌സ് അയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്ന് അയാള്‍ പറഞ്ഞു. അക്കൗണ്ടില്‍ അത്തരമൊരു പണം എത്തിയിട്ടില്ല. എന്നാല്‍ പണം ഡെപ്പോസിറ്റ് ആയതായി നോട്ടിഫിക്കേഷന്‍ വരികയും ചെയ്തു. ഈ സാഹചര്യത്തില്‍ ബാങ്ക് അധികൃരോട് പരാതിപ്പെടുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് തട്ടിപ്പാണെന്നും തെളിഞ്ഞു. തന്നോട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറഞ്ഞ അക്കൗണ്ട് നമ്പര്‍ ഒരു വ്യക്തിയുടെ പേരിലുള്ളതാണെന്നും നിലവില്‍ അതില്‍ പണമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. താന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കുകയും തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇത്തരത്തില്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നും മുനിസിപ്പല്‍ ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നാണെന്നുമുള്ള വ്യാജേനയാണ് സംഘം തട്ടിപ്പ് നടത്തുന്നത്..
Next Story

RELATED STORIES

Share it