thrissur local

അക്കാദമിക നിലവാരം: മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലെന്ന് റിപോര്‍ട്ടുകള്‍- മന്ത്രി

ചാലക്കുടി: അക്കാദമിക് നിലവാരത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്ന് വിദ്യഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ്. ചാലക്കുടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ ഉത്ഘാടനവും എംഎല്‍എയുടെ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടി ചിലവില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി വിഭാഗം കെട്ടിടം ഒന്നാംഘട്ടത്തിന്റെ ഉത്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ആച്ചീവ്‌മെന്റ് സര്‍വ്വേ റിപ്പോര്‍ട്ടിലാണ് അക്കാദമിക് നിലവാരത്തിലെ കേരളത്തിന്റെ മികവ് വ്യക്തമാക്കുന്നത്. മികച്ച സൗകര്യങ്ങളൊരുക്കി മികച്ച വിദ്യഭ്യാസം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതു കൊണ്ട് ഈ അധ്യയന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കും. ചിട്ടയുള്ള ഒരു അധ്യയന വര്‍ഷമായിരിക്കും ഇത്തവണത്തേത്. എസ്എസ്എല്‍സി പരീക്ഷയുടെ ടൈടേബിളടക്കമുള്ള അധ്യയന വര്‍ഷ കലണ്ടര്‍ വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
കലോത്സവങ്ങള്‍, ശാസ്‌ത്രോത്സവങ്ങള്‍, സ്‌പോട്‌സ് തുടങ്ങിയവ നടത്തേണ്ട തിയ്യതികളും കലണ്ടറിലുണ്ട്. അക്കദമിക് ഇതര പ്രവര്‍ത്തികളെല്ലാം അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍ക്ക് മുമ്പ് പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു.  അഞ്ച് കോടി സര്‍ക്കാര്‍ വിഹിതവും മൂന്ന് കോടി അറുപത് ലക്ഷം രൂപ നഗരസഭ വിഹിതവും ബാക്കി പൊതുജനപങ്കാളിത്തത്തോടെയും സമാഹരിച്ച് പത്ത് കോടി രൂപ ചിലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂള്‍ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്.
കേരള ഇന്‍ഡസ്ട്രിയല്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. റെസ്‌പോണ്‍സീവ് പ്രൂഡന്റ് പ്രോഫിറ്റബിള്‍ ഇന്‍ഫ്രാ പ്രജക്റ്റ് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
Next Story

RELATED STORIES

Share it