അക്കാദമിക് സിറ്റി, ഹയര്‍ അക്കാദമിക് സോണ്‍ ചര്‍ച്ചകള്‍ നടക്കും; വിദ്യാഭ്യാസ സംഗമം നാളെ തുടങ്ങും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ആഗോള വിദ്യാഭ്യാസ സംഗമത്തിന് നാളെ തുടക്കമാവും. ഫിക്കിയുടെ സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായാണ് മീറ്റ് സംഘടിപ്പിക്കുന്നത്. കോവളം ലീലാ ഹോട്ടലില്‍ നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഗമം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. സംഗമത്തില്‍ ഒമ്പത് രാഷ്ട്രങ്ങളില്‍ നിന്നായി 20ഓളം അന്താരാഷ്ട്ര വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കും. ദേശീയ തലത്തിലുള്ള 50ഓളം പ്രതിനിധികളും കേരളത്തില്‍ നിന്നുള്ള 75ഓളം വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ഉറപ്പാക്കുന്നതിന് അക്കാദമിക് സിറ്റിയുടെയും അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ പ്രത്യേക മേഖലകളുടെയും പ്രവര്‍ത്തന ഘടന സംബന്ധിച്ച ചര്‍ച്ചകളായിരിക്കും സംഗമത്തില്‍ പ്രധാനമായും നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുള്ള മികച്ച കോഴ്‌സുകളെയും സര്‍വകലാശാലകളെയും അക്കാദമിക് സിറ്റിയില്‍ കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. പദ്ധതി പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനുള്ള നയരൂപീകരണം സംഗമത്തിലുണ്ടാവും.
സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ ഏകോപിപ്പിച്ച് 'കോവളം പ്രഖ്യാപന'വും സമാപന ദിവസമുണ്ടാവുമെന്നും ദുബയ് മാതൃകയില്‍ അക്കാദമിക് സിറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഹയര്‍ അക്കാദമിക് സോണിന് 9 സ്ഥാപനങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും സംഗമത്തില്‍ ഇവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it