Pathanamthitta local

അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌ : കോണ്‍ഗ്രസ് പിന്തുണയില്‍ കേരളാ കോണ്‍ഗ്രസ് അംഗത്തിനു ജയം



അകലക്കുന്നം: കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തിനിടയില്‍ നടന്ന അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വാക്കുപാലിച്ച് കോണ്‍ഗ്രസ്. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സി (എം)ന് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ നല്‍കി. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി അജിതാ ജോമോനാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ഥിയായി മല്‍സരിച്ച എല്‍ഡിഎഫിലെ ഗിരിജാ രാജന് അഞ്ച് വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ പിന്തുണയില്ലെങ്കിലും കക്ഷിനിലയില്‍ മുന്നിലുള്ള കേരളാ കോണ്‍ഗ്രസിനു വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാണെങ്കിലും മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്തെന്ന് അറിയാന്‍ ഏവരും ഉറ്റുനോക്കിയിരുന്നു. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളാ കോണ്‍ഗ്രസുമായുള്ള മുന്‍ധാരണ തെറ്റിക്കേണ്ടെന്ന് കോട്ടയം ഡിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് മറിച്ചുള്ള തീരുമാനങ്ങളൊന്നും നടക്കാതിരുന്നത്. കോണ്‍ഗ്രസിന് നാല്, കേരളാ കോണ്‍ഗ്രസിന് ആറ്, സിപിഎമ്മിന് അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. നേരത്തെ സ്വതന്ത്രരായി വിജയിച്ച രണ്ടുപേരും കേരളാ കോ ണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിനു നിര്‍ണായകഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് (എം) മുന്‍ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന ഷാലി ബെന്നി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിതരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിലെ സണ്ണി എബ്രഹാമാണ് നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ്. മുന്‍ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടിവരും. എന്നാല്‍, വൈസ് പ്രസിഡ ന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രില്‍ 25നാണ് ഷാലി ബെന്നി വടക്കേടം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നത്. അടുത്തിടെ നടന്ന പുന്നത്തുറ സഹകരണബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് മുന്‍ധാരണ തെറ്റിക്കാതെയായിരുന്നു നിലപാട് സ്വീകരിച്ചിരുന്നത്. ധാരണപ്രകാരം കേരളാ കോണ്‍ഗ്രസിലെ ജസ്റ്റിന്‍ കട്ടോംപറമ്പില്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നത്. കോണ്‍ഗ്രസിലെ സോമശേഖരന്‍നായരുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്കു കേരളാ കോണ്‍ഗ്രസ് അംഗമാണു നിര്‍ദേശിച്ചത്. അദ്ദേഹം തിരഞ്ഞെടുക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it