palakkad local

അകമലവാര റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായതോടെ വാഹനയാത്ര ദുരിതത്തില്‍



മലമ്പുഴ: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ  അകമലവാരത്തെ റിങ്‌റോഡ് തകര്‍ന്ന് മൂന്നുവര്‍ഷത്തോളമായിട്ടും അറ്റകുറ്റപ്പണിയില്ല. പാതിയോളം തകര്‍ന്ന റോഡ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. അകമലവാരം മേഖലയില്‍ ഒന്നാം പുഴ പറച്ചാത്തിക്ക് സമീപമാണ് മൂന്ന് വര്‍ഷത്തോളമായി റിങ്‌റോഡ് തകര്‍ന്നു കിടക്കുന്നത്. റോഡിന്റെ പകുതിയോളം ഭാഗത്ത് വലിയൊരു കുഴിയാണ്. കനത്ത മഴയെത്തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതേവരെ തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണി വൈകിയതോടെ റോഡ് കൂടുതല്‍ തകര്‍ന്നു. റോഡിന്റെ അടിയില്‍ നിന്നുള്ള മെറ്റലുകളും മണ്ണും ഇളകി ഏറെ അപകട ഭീഷണിയിലാണ് ഇപ്പോള്‍ റോഡ്. തകര്‍ന്നുകിടക്കുന്ന റോഡിന്റെ അഞ്ചടിയിലധികം താഴ്ചയിലാണ് മലമ്പുഴ റിസര്‍വോയര്‍ കിടക്കുന്നത്. വിനോദസഞ്ചാരികളുടെതടക്കം ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ അകമലവാരം റിങ് റോഡിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. വാഹനങ്ങളുടെ തിരക്കേറെയില്ലാത്ത റോഡായതിനാല്‍ പലരും അമിതവേഗത്തിലാണ് വാഹനം ഓടിക്കുന്നത്. അതുകൊണ്ടുതന്നെ മേഖലയില്‍ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.  മാത്രവുമല്ല, റോഡ് തകര്‍ന്നത് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. കുറച്ചുനാള്‍ മുമ്പുവരെ മേഖലയില്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത്  സ്ഥാപിച്ച ടാര്‍ വീപ്പകള്‍ മുന്നറിയിപ്പായി ഉണ്ടായിരുന്നു. എന്നാല്‍ റോഡ് വീണ്ടും തകര്‍ന്നതോടെ ടാര്‍വീപ്പകളും നിലം പൊത്തിയിരിക്കയാണ്.
Next Story

RELATED STORIES

Share it