palakkad local

അകത്തേത്തറയില്‍ ജലദിനാചരണത്തിന് അമ്പാട്‌തോട്ടില്‍ തുടക്കം കുറിക്കും

പാലക്കാട്: ലോക ജലദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അകത്തേത്തറ ഗ്രാമപ്പഞ്ചായത്തിലെ അമ്പാട്ട്‌തോട് കേന്ദ്രീകരിച്ച് വിപുലമായ പദ്ധതി രൂപവല്‍കരിച്ച് നടത്തും. പാലക്കാട് നഗരത്തിനും സമീപ പഞ്ചായത്തിലുമുള്ള ഏറ്റവും കൂടുതല്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്ന ഒന്നാണ് അമ്പാട്‌തോട്. പ്രാദേശികമായി ജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളായാണ് ഇത് വിഭാവനം ചെയ്യുന്നത്.
ഭാരതപ്പുഴയെ സമഗ്രമായി കാണുന്നതോടൊപ്പം അമ്പാട് തോട് പോലെയുള്ള ഒരു നീര്‍ച്ചാലിനെ സൂക്ഷ്മ തലത്തില്‍ പഠിക്കുക എന്ന പ്രവര്‍ത്തനമാണ് ഹരിത കേരളം മുന്നോട്ടുവയ്ക്കുന്നത്. അമ്പാട് തോടിന്റെ ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭ ജലത്തിന്റെയും ഗുണനിലവാരം ലഭ്യത, ഉപയോഗം, മിച്ചം എന്നിവ തിട്ടപ്പെടുത്തി വാട്ടര്‍ ബജറ്റും ഇതിന്റെ ഭാഗമായി തയ്യാറാക്കും. ഈ പ്രദേശത്തെ ദൈനംദിന മഴയുടെ അളവ്, വെള്ളത്തിന്റെ അളവ്, ഭൂഗര്‍ഭ ജലവിതാനത്തിന്റെ മാറ്റം എന്നിവയും പഠനവിധേയമാക്കും . മേഖലയിലെ ജലമലിനീകരണ സ്രോതസ്സുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പഠനത്തിലൂടെ ലഭ്യമാക്കും.
ഇതിന്റെ ഭാഗമായി മാലിന്യസ്രോതസ്സുകളെ സംബന്ധിച്ചും കെട്ടിടങ്ങള്‍, ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ചുമുള്ള വിവരങ്ങളും ശേഖരിക്കും. അമ്പാട്‌തോട് ആക്ഷന്‍ റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായി അകത്തേത്തറ ഗ്രാമപ്പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യൂതാനന്ദന്‍ മുഖ്യ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് ഡി സദാശിവന്‍ ചെയര്‍മാനായും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാര്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപവല്‍കരിച്ചു. മാര്‍ച്ച് 22 ലോക ജലദിനത്തിന് രാവിലെ 8.30ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it