അംബേദ്കറിന്റെ പേരില്‍ മാറ്റം വരുത്തി യോഗി സര്‍ക്കാര്‍

ലഖ്‌നോ: ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി യുപി സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. പഴയതും പുതിയതുമായ എല്ലാ സര്‍ക്കാര്‍ രേഖകളിലും മറ്റും ഡോ. ഭീംറാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു റാംജി അംബേദ്കര്‍ എന്നു മാറ്റി പിന്തുടരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇറക്കിയ ഉത്തരവ് ആവശ്യപ്പെടുന്നു. അംബേദ്കറുടെ അച്ഛന്റെ പേരായ റാംജി എന്നത് പേരിനു നടുവില്‍ ചേര്‍ത്താണ് മാറ്റം വരുത്തിയത്.
ഇന്ത്യന്‍ ഭരണഘടനയില്‍ അംബേദ്കര്‍ ഒപ്പുവച്ചിരിക്കുന്നത് ഭീംറാവു റാംജി അംബേദ്കര്‍ എന്നാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സര്‍ക്കാര്‍ നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. യുപിയില്‍ രൂപംകൊണ്ട ബിഎസ്പി-എസ്പി സഖ്യത്തില്‍ ബിജെപി സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. അതിനാല്‍ തങ്ങള്‍ ദലിത് വിരുദ്ധരല്ലെന്ന് ജനങ്ങളെ കാണിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്ന നാടകമാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. പരാജയം മുന്നില്‍ കാണുമ്പോള്‍ ബിജെപി ഇത്തരം പുതിയ വിവാദങ്ങള്‍ കൊണ്ടുവരുന്നത് പതിവാണെന്നും പാര്‍ട്ടി ആരോപിച്ചു.
അതേസമയം, പേരുമാറ്റത്തിനു പിന്നില്‍ യുപി ഗവര്‍ണര്‍ റാം നായിക്കിന്റെ ഇടപെടലും ഉണ്ടെന്നാണു സൂചന. അംബേദ്കറുടെ പേരില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നേരത്തെ കത്തയച്ചിരുന്നു.
മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേര് കൂടി ചേര്‍ത്താണ് ആണ്‍ മക്കള്‍ക്കു പേരിടുക.ഹിന്ദി ഭാഷയില്‍ അംബേദ്കറുടെ പേര് എഴുതുന്ന രീതി മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it