അംബേദ്കര്‍ ജയന്തി ആഘോഷിക്കാന്‍ ഒരുങ്ങി യുപിയിലെ ദലിത് ഗ്രാമം

അംബേദ്കര്‍ ജയന്തി ആഘോഷിക്കാന്‍   ഒരുങ്ങി യുപിയിലെ ദലിത് ഗ്രാമം
X
മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തിലെ ശോഭാപൂര്‍ ഗ്രാമത്തില്‍ കടുത്ത നിരാശയും സങ്കടവും തളംകെട്ടിനില്‍ക്കുന്നു. ഗോപി പര്യ(28) എന്ന ദലിത് യുവാവിന്റെ മരണത്തി ല്‍ ഗ്രാമം മുഴുവന്‍ വിലപിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 2ന് ഭാരത് ബന്ദില്‍ നടന്ന അക്രമങ്ങ ള്‍ക്കു കാരണക്കാരെന്നാരോപിച്ച് സവര്‍ണരുണ്ടാക്കിയ പട്ടികയില്‍ ഏറ്റവും മുകളിലായിരുന്നു ഗോപിയുടെ പേര്. ഇതെങ്ങനെ വന്നെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍, പട്ടിക പുറത്തുവന്ന് രണ്ടുദിവസത്തിനകം ഗോപിയെ വെടിവച്ചുകൊന്നു.



ഈ പട്ടിക ആരുണ്ടാക്കിയതാണെന്ന് ആര്‍ക്കുമറിയില്ലെങ്കിലും പ്രദേശത്ത് ഗോപിയുടെ സ്വാധീനം വ്യാപിക്കുന്നതില്‍ ദലിതരല്ലാത്ത പലരും അതൃപ്തരായിരുന്നെന്നും ഗോപിയോട് സവര്‍ണര്‍ പ്രതികാരം തീര്‍ത്തതാവാമെന്നും ഗ്രാമവാസികള്‍ ഒന്നടങ്കം പറയുന്നു. പട്ടികയിലെ മറ്റുള്ള ദലിത് യുവാക്കള്‍ക്ക് ശക്തമായ ഒരു പാഠംകൂടിയാണ് ഗോപിയുടെ കൊലപാതകമെന്നാണ് ഇവരുടെ പക്ഷം. മറ്റുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. പട്ടിക പോലിസിനു കൈമാറിയിട്ടുണ്ട്. എന്നാല്‍, ആ ഭീതിയും ഭയവും മാറ്റിവച്ച് 14ന് അംബേദ്കര്‍ ജയന്തി വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികള്‍. ''ഗോപിയുടെ മരണവും ഞങ്ങളുടെ മറ്റു കുട്ടികള്‍ ഒളിവില്‍പോയതും മറ്റുമായി ഗ്രാമത്തില്‍ ഒന്നും സാധാരണപോലെയല്ല. എന്നാല്‍, ഞങ്ങള്‍ അംബേദ്കര്‍ ജയന്തി ആഘോഷിക്കും. കാരണം, ഞങ്ങള്‍ അത് ആഘോഷിച്ചില്ലെങ്കില്‍ ഭയന്നതായി അവര്‍ കരുതും. അത് ഉയര്‍ന്ന ജാതിക്കാരന്റെ മറ്റൊരു വിജയമാവും''- ശോഭാപൂരിലെ താമസക്കാരനായ 41കാരന്‍ അശോക് കുമാറിന്റെ വാക്കുകളാണിത്.
''ബാബ സാഹബ് ജയന്തി ഞങ്ങളുടെ ഗ്രാമത്തില്‍ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉല്‍സവമാണ്. എന്നാല്‍, സ്ഥിതി ഇപ്പോള്‍ വ്യത്യസ്തമാണ്. ഗോപിയുടെ പോരാട്ടത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആളുകളെ ഓര്‍മിപ്പിച്ചേ പറ്റൂവെന്ന് 70കളുടെ അവസാനത്തില്‍ നില്‍ക്കുന്ന സാവിത്രീദേവി പറയുന്നു. ഗോപിയെപ്പറ്റി ചോദിച്ചപ്പോള്‍ ഗ്രാമത്തില്‍ തന്നെയുള്ള 37 വയസ്സുള്ള ബാബലി ദേവി പറഞ്ഞതിങ്ങനെ: ''ചെറുപ്പക്കാരും പ്രായമുള്ളവരും എല്ലാവരും ഗോപിയുടെ വരവ് നോക്കിയിരിക്കുമായിരുന്നു. ഗ്രാമീണ തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുകയും ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുമായിരുന്നു അവന്‍. ഓരോ വര്‍ഷവും അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വംകൊടുക്കുന്നത് അവനായിരുന്നു. കൊല്ലപ്പെട്ടത് ഞങ്ങളുടെ ഹീറോയാണ്. എങ്കിലും പ്രതിരോധം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഘോഷിക്കും.''
കനത്ത പോലിസും അര്‍ധസൈനിക വിഭാഗങ്ങളും ഗ്രാമത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഗോപിയുടെ പിതാവ് തരുചന്ദ് പര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മനോജ് ഗുജ്ജാര്‍, ആശിഷ് ഗുജ്ജാര്‍, കപില്‍ റാണ, ഗിരിധാരി എന്നിവരുടെ പേരില്‍ ഐപിസി വകുപ്പ് 302 (കൊലപാതകം), 504 (സമാധാനം ലംഘിക്കാന്‍ പ്രേരിപ്പിക്കുക), 506 (കുറ്റകരമായ ഭീഷണി), എസ്‌സി-എസ്ടി ആക്റ്റിലെ അനുബന്ധ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരില്‍ മനോജും കപിലും വ്യാഴാഴ്ച അറസ്റ്റിലായി.
Next Story

RELATED STORIES

Share it