malappuram local

അംഗീകാര പ്രതീക്ഷയില്‍ മഞ്ചേരി മെഡിക്കല്‍ കോളജ്‌

മഞ്ചേരി: അവസാനഘട്ട അംഗീകാരത്തിനുമുന്നോടിയായുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. ആദ്യ ബാച്ചിലെ 100 വിദ്യാര്‍ഥികള്‍ എംബിബിഎസ് പൂര്‍ത്തിയാക്കുന്നതിനു മുന്നോടിയായി എംസിഐയുടെ സ്ഥിരാംഗീകാരം നേടുന്നതിനായാണ് പരിശോധന.
ഡോ. ജി വി പ്രകാശ്, ഡോ. ബി വൈ യുവരാജ്, ഡോ. എം പി സുധാംശു എന്നിവരടങ്ങിയ സംഘം രണ്ടു ദിവസത്തെ പരിശോധനയ്ക്കുശേഷം മടങ്ങി. നിലവിലെ സാഹചര്യത്തില്‍ കാര്യമായ അപാകതകളില്ലാത്തതിനാല്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. ആദ്യ ദിവസം അടിസ്ഥാന സൗകര്യങ്ങളിലൂന്നി പരിശോധന നടത്തിയ സംഘം രണ്ടാം ദിവസം ജീവനക്കാരുടെ നിയമനമടക്കമുള്ള രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.
പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹൗസ് സര്‍ജന്‍സിക്കുള്ള സൗകര്യങ്ങളും സംഘം പരിശോധിച്ചു. കെട്ടിട സൗകര്യങ്ങളുടെ കുറവാണ് പ്രധാനമായും മെഡിക്കല്‍ കോളജ് നേരിടുന്ന വെല്ലുവിളി. മറ്റു കാര്യങ്ങളില്‍ ഗുരുതര അപാകതകള്‍ സംഘം ചൂണ്ടിക്കാണിച്ചിട്ടില്ലെന്നാണ് വിവരം. ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും കുറവ് നികത്തിയതില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 103 കോടി രൂപയുടെ പദ്ധതിക്ക് ടെണ്ടറായ വിവരങ്ങള്‍ ആതുരാലയ അധികൃതര്‍ സംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. എംസിഐ അംഗീകാരം ലഭിച്ചാല്‍ മാത്രമെ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടീസ് നടത്താനാവൂ.
100 പേരാണ് ആദ്യ ബാച്ചില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ സംഘം എംസിഐയ്ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. ഇതു പരിശോധിച്ച ശേഷമാണ് അംഗീകാരം സംബന്ധിച്ച് തീരുമാനമുണ്ടാവുക. പരീക്ഷാ നടത്തിപ്പിനായി കോളജില്‍ ഒരുക്കിയ സജീകരണങ്ങള്‍ വിലയിരുത്താന്‍ വേണ്ടി എംസിഐ നിയോഗിച്ച രണ്ടംഗ സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.
എംസിഐ നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ 90 ശതമാനവും ഇതിനകം പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ വാദം. കഴിഞ്ഞ നവംബറില്‍ കോളജിലെത്തിയ സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ അധികൃര്‍ അക്കാദമിക പ്രവര്‍ത്തനങ്ങളിലും നിയമനങ്ങളിലും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആധുനിക ചികില്‍സാ സംവിധാനങ്ങളുള്‍പെടെ 139 കോടിയുടെ നിര്‍മണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it