അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് ആരംഭിച്ചു

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് തുടങ്ങി. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലാണ് പഞ്ചായത്തുതലത്തില്‍ കണക്കെടുപ്പ് നടക്കുന്നത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന സര്‍ക്കാരിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. അംഗീകാരമില്ലാത്ത സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷം മുതല്‍ അടച്ചുപൂട്ടണമെന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ അവകാശ നിയമങ്ങളനുസരിച്ച് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഈ നിയമം അടുത്ത വര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാക്കും. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്കെടുത്ത് നോട്ടീസ് നല്‍കാനാണ് തീരുമാനം. 7000ഓളം സ്‌കൂളുകള്‍ അനധികൃതമായി സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ വര്‍ഷം അംഗീകാരത്തിന് അപേക്ഷിച്ച 3500 വിദ്യാലയങ്ങളില്‍ 916 എണ്ണത്തിനു മാത്രമാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. ബാക്കിയുള്ളവയും ഈ വര്‍ഷം അടച്ചുപൂട്ടുന്നതില്‍ ഉള്‍പ്പെടും. അണ്‍എയ്ഡഡ് സിബിഎസ്ഇ സ്‌കൂളുകളായിരിക്കും ഇങ്ങനെ പൂട്ടുന്നവയില്‍ അധികവും. 300ല്‍ താഴെ വിദ്യാര്‍ഥികളുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ നിയമത്തില്‍ വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവും നിലവിലുണ്ട്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമായി വിദ്യഭ്യാസ അവകാശ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ നടത്തുന്നതായി ബോധ്യപ്പെട്ടാല്‍ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്യാനും അവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനും നിയമമുണ്ട്. സര്‍ക്കാര്‍ നിയമമനുസരിച്ചുള്ള കെട്ടിടങ്ങള്‍ ഇല്ലാതെയും യോഗ്യതയുള്ള അധ്യാപകരില്ലാതെയുമാണ് അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ അധികവും പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താല്‍ വിദ്യാര്‍ഥികളുടെ ജീവനു ഭീഷണി നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിനാണ് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടുന്നത്. പൂട്ടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കണക്കെടുത്ത ശേഷം പോലിസ്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്‌കൂളുകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ നീക്കം.
Next Story

RELATED STORIES

Share it