'അംഗപരിമിതര്‍ക്ക് പ്രവേശിക്കാവുന്ന തരത്തില്‍ എടിഎമ്മുകള്‍ മാറ്റണം'

തിരുവനന്തപുരം: അംഗപരിമിതര്‍ക്കു തടസ്സം കൂടാതെ പ്രവേശിച്ച് ഇടപാടുകള്‍ നടത്താവുന്ന വിധത്തില്‍ ബാങ്കുകളുടെ എടിഎമ്മുകള്‍ മാറ്റുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നു റിസര്‍വ് ബാങ്കിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നതു വാടകമുറികളിലായതിനാല്‍ അംഗപരിമിതരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന എസ്ബിഐ നിലപാട് കമ്മീഷന്‍ തള്ളി. കരമന സ്വദേശിനി കെ ഫരീദാ ബീവി നല്‍കിയ പരാതിയിലാണ് നടപടി.  സര്‍ക്കാര്‍ ഉദേ്യാഗസ്ഥയായ ഫരീദാ ബീവിയുടെ ശമ്പളം എസ്ബിഐ അക്കൗണ്ടിലാണ് ഓഫിസ് നിക്ഷേപിക്കുന്നത്. പണമെടുക്കണമെങ്കില്‍ എടിഎമ്മുകളെ ആശ്രയിക്കണം.അംഗപരിമിതയായ തനിക്ക് എടിഎമ്മുകളില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി.  കമ്മീഷന്‍ എസ്ബിഐ ജനറല്‍ മാനേജറില്‍ നിന്നു വിശദീകരണം വാങ്ങിയിരുന്നു. എടിഎമ്മുകളില്‍ റാംപ് നിര്‍മിക്കുന്നത് എളുപ്പമല്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. പണം പിന്‍വലിക്കാന്‍ ശാഖകളെ സമീപിക്കാമെന്നും വിശദീകരണത്തിലുണ്ട്. എന്നാല്‍ ബാങ്കിന്റെ വിശദീകരണം നിയമലംഘനമാണെന്നു കമ്മീഷന്‍ വിലയിരുത്തി. അംഗപരിമിതരുടെ അവകാശങ്ങളെ ക്കുറിച്ചുള്ള യുഎന്‍ ഉടമ്പടികള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. രാജ്യത്തെ പരമോന്നത കോടതിയും ഹൈക്കോടതികളും അംഗപരിമിതരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിയമം അനുസരിക്കാന്‍ നിരവധി തവണ ഉത്തരവ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും അംഗപരിമിതര്‍ക്കു പ്രവേശിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെന്ന് അടുത്ത കാലത്തും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നതായി കമ്മീഷന്‍ ഓര്‍മിപ്പിച്ചു. രാജ്യത്തെ വിവിധ ബാങ്ക് മേധാവികള്‍ക്ക് നിയമത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കമ്മീഷന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it