അംഗപരിമിതരുടെ ക്ഷേമത്തിന് തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു

ന്യൂഡല്‍ഹി: അംഗപരിമിതര്‍ക്ക് സാര്‍വത്രിക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്താകെയുള്ള അംഗപരിമിതര്‍ക്ക് വിവിധ പദ്ധതികളുടെയും സംവരണത്തിന്റെയും ആനുകൂല്യം എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകരമാവും. 12 തരം അംഗപരിമിതരെ ക്കൂടി ഉള്‍പ്പെടുത്തി പുതിയ നിയമം കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നു കേന്ദ്ര സാമൂഹികനീതി ശാക്തീകരണ സഹമന്ത്രി കൃഷ്ണപാല്‍ ഗുജ്ജര്‍ അറിയിച്ചു.
അംഗപരിമിതര്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് സാര്‍വത്രിക തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരുന്നത്. രാജ്യത്തുടനീളം ഈ കാര്‍ഡ് ഉപയോഗിക്കാനാവും- മന്ത്രി പറഞ്ഞു. അന്ധത തടയുന്നതു സംബന്ധിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ ഏഴിനം അംഗപരിമിതര്‍ക്കാണ് നിയമപ്രകാരം അംഗീകാരമുള്ളത്. പുതിയ നിയമത്തില്‍ 12 തരം അംഗപരിമിതരെക്കൂടി ഉള്‍പ്പെടുത്തും. അംഗപരിമിതര്‍ക്കുവേണ്ടിയുള്ള സുഗമ്യ ഭാരത് അഭിയാന്‍ പദ്ധതി പ്രകാരം ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പദ്ധതിക്കായി 218 കോടി രൂപ നീക്കിവച്ചു. ഭിന്നശേഷിക്കാര്‍ക്കായി ലിഫ്റ്റുകളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ 50 നഗരങ്ങളില്‍ 100 വീതം കെട്ടിടങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. 2019ഓടെ തീവണ്ടികളിലും വിമാനങ്ങളിലും അംഗപരിമിതര്‍ക്ക് പുര്‍ണമായ സൗകര്യം ഉറപ്പുവരുത്തും. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാതെ ജനിക്കുന്ന കുട്ടികള്‍ക്ക് രാജ്യത്താദ്യമായി പ്രത്യേക പദ്ധതി തുടങ്ങിയിട്ടുണ്ട്. പ്രതിവര്‍ഷം 15,000 കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്തും. ഇതിനായി 9,00 കോടി രൂപ ചെലവ് വരും. അംഗപരിമിതര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് രാജ്യത്തുടനീളം ചെറുതും വലുതുമായ 1,800 ക്യാംപുകള്‍ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it