അംഗങ്ങളില്ലാതെ വിവരാവകാശ കമ്മീഷന്‍

കെ പി ഒ  റഹ്്മത്തുല്ല

മലപ്പുറം: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പുനസ്സംഘടിപ്പിക്കാതെ നാലാംവര്‍ഷത്തിലേക്ക്. ഒരു കമ്മീഷണറും അഞ്ച് അംഗങ്ങളും ഉണ്ടാവേണ്ട കമ്മീഷനില്‍ ഇപ്പോഴുള്ളത് കമ്മീഷണര്‍ മാത്രം. പുനസ്സംഘടന പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും അതിനു തയ്യാറായിട്ടില്ല. 20 വര്‍ഷം മുന്‍പരിചയമുള്ള നിയമ, മാധ്യമ, പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള അഞ്ചുപേരെ നിയമിക്കണമെന്നാണു നിയമം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ നിരസിച്ചു. 300 അപേക്ഷകളില്‍ നിന്നു രാഷ്ട്രീയപ്രേരിതമായാണ് അന്നത്തെ സര്‍ക്കാര്‍ അഞ്ചുപേരെ നിയമിച്ചത്. അതില്‍ ഒരു സ്‌കൂള്‍ ജീവനക്കാരനും എല്‍ഐസി ഡെവലപ്‌മെന്റ് ഓഫിസറും വരെ ഉള്‍പ്പെട്ടിരുന്നു. സുപ്രിംകോടതി പോലും ഇവരെ നിയമിക്കുന്നതിനെതിരേ വിധി പുറപ്പെടുവിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിവരാവകാശ കമ്മീഷന്‍ കഴിവതും വേഗം പുനസ്സംഘടിപ്പിക്കണമെന്നു പറഞ്ഞിരുന്നു. അതുപ്രകാരം 2016 നവംബറില്‍ അപേക്ഷ ക്ഷണിച്ചെങ്കിലും പുനസ്സംഘടന നടന്നിട്ടില്ല. 200ഓളം പേര്‍ അപേക്ഷിെച്ചന്നാണ് ഏകദേശ കണക്ക്. കമ്മീഷന്‍ അംഗങ്ങളാവാന്‍ ഐഎഎസ്, ഐപിഎസുകാര്‍ സമ്മര്‍ദം ചെലുത്തുന്നതായും സൂചനയുണ്ട്. വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ചുമതലയിലുണ്ടെങ്കിലും അപ്പീലുകള്‍ കേള്‍ക്കാനോ തീര്‍പ്പുകല്‍പിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. 17,316 അപ്പീലുകളാണ് തീര്‍പ്പുകല്‍പിക്കാനായി തലസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. സുപ്രധാനമായ പല അപ്പീലുകളും ഇതില്‍ ഉള്‍പ്പെടും. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതി വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കു മറുപടി നല്‍കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ ഇനത്തിലുള്ള അപ്പീലുകളാണ് കെട്ടിക്കിടക്കുന്നവയില്‍ അധികവും. വിവരാവകാശ കമ്മീഷന്‍ എന്ന സംവിധാനം തന്നെ പുനസ്സംഘടന ഇല്ലാത്തതിനാല്‍ നോക്കുകുത്തിയായ അവസ്ഥയാണുള്ളത്. കേരളത്തില്‍ നാലുവര്‍ഷമായി കമ്മീഷന്‍ പ്രവര്‍ത്തനരഹിതമാണെന്നതാണു സത്യം. ഈ സംവിധാനം കാര്യക്ഷമമാക്കുന്നതില്‍ ഇടതുസര്‍ക്കാരിനും താല്‍പര്യമില്ലെന്നാണ് പുനസ്സംഘടന വൈകുന്നതില്‍ നിന്നു മനസ്സിലാവുന്നത്. പാര്‍ട്ടിയുടെ പ്രധാന നോമിനികള്‍ക്ക് സമയത്തിന് അപേക്ഷിക്കാന്‍ കഴിയാത്തതും പുനസ്സംഘടന വൈകാന്‍ കാരണമായി പറയുന്നുണ്ട്. 20 ലക്ഷം രൂപയാണ് മാസംതോറും കമ്മീഷന്‍ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുന്നത്. ഇതു വൃഥാവിലാവുന്നു എന്നതാണു സത്യം. വിവരാവകാശ കമ്മീഷന്‍ പുനസ്സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ വിവരാവകാശ പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it