Sub Lead

വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
X

ന്യൂഡല്‍ഹി: വംശീയ പരാമര്‍ശം നടത്തിയെന്ന വിവാദത്തിനു പിന്നാലെ സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കിഴക്കന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നുമുള്ള പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് രാജി. സ്വന്തം ഇഷ്ടപ്രകാരമാണ് രാജിയെന്നും അദ്ദേഹത്തെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വീകരിച്ചതായും കോണ്‍ഗ്രസ് വാര്‍ത്താവിതരണ വകുപ്പ് മേധാവി ജയറാം രമേശ് അറിയിച്ചു. 'ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിര്‍ത്താന്‍ കഴിയും. കിഴക്കുള്ളവര്‍ ചൈനക്കാരെ പോലെ, പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെ, വടക്കുള്ളവര്‍ വെളുത്തവരെ പോലെ, തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെ കാണപ്പെടുന്നു. അതില്‍ കാര്യമില്ല. ഞങ്ങള്‍ എല്ലാവരും സഹോദരീസഹോദരന്മാരാണ് എന്നാണ് ദി സ്‌റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തില്‍ സാം പിത്രോഡ പറഞ്ഞത്. പരാമര്‍ശം വിവാദമായതിനു പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. 'ഇന്ത്യയുടെ വൈവിധ്യത്തെ ചിത്രീകരിക്കാനായി സാം പിത്രോഡ പറഞ്ഞ സാദൃശ്യങ്ങള്‍ ഏറ്റവും ദൗര്‍ഭാഗ്യകരവും അസ്വീകാര്യവുമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇതിനോട് പൂര്‍ണമായും വിയോജിക്കുന്നുവെന്ന് ജയറാം രമേഷ് എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി. പിത്രോദയുടെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിനെ ബിജെപി ആഞ്ഞടിക്കുകയും വംശീയവും ഭിന്നിപ്പിക്കുന്നതുമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it