Sub Lead

ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍ പിടിയില്‍, കണ്ടെത്തിയത് 40,000 സിംകാര്‍ഡ്

ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍ പിടിയില്‍, കണ്ടെത്തിയത് 40,000 സിംകാര്‍ഡ്
X

മലപ്പുറം: ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് സിംകാര്‍ഡ് എത്തിച്ചു കൊടുക്കുന്ന മുഖ്യ സൂത്രധാരനെ കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്ന് മലപ്പുറം സൈബര്‍ ക്രൈം പോലിസിന്റെ അറസ്റ്റ് ചെയ്തു. പെരിയപ്പട്ടണ താലൂക്ക് കൊപ്പ ഹരാനഹള്ളി ഹുബ്ലിയിലെ അബ്ദുര്‍ റോഷ(46)നെയാണ് മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്‌സില്‍ നിന്നു പിടികൂടിയത്. ഓണ്‍ലൈന്‍ വ്യാജ ഷെയര്‍മാര്‍ക്കറ്റ് സൈറ്റ് വഴി വേങ്ങര സ്വദേശിയില്‍നിന്നാണ് 1.08 കോടിരൂപ തട്ടിയെടുത്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ കീഴിലുള്ള സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഐസി ചിത്തരഞ്ജന്റെ നേതൃത്തിലുള്ള പ്രത്യേക സൈബര്‍ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്കില്‍നിന്ന് ഷെയര്‍മാര്‍ക്കറ്റ് സൈറ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന വാട്‌സാപ്പില്‍ ഒരു സ്ത്രീയുടെ പ്രൊഫൈല്‍ പിക്ചര്‍ വെച്ച് ട്രേഡിങ് വിശദാംശങ്ങള്‍ നല്‍കുകയും വന്‍ ഓഫറുകള്‍ നല്‍കുകയുമായിരുന്നു. തുടര്‍ന്ന് 1.08 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിപ്പിച്ച് ലാഭവിഹിതം നല്‍കാതെ കബളിപ്പച്ച് പണം തട്ടിയെന്നാണ് കേസ്.

മലപ്പുറം ജില്ലാ പോലfസ് മേധാവി എസ് ശശിധരന്റെ ഉത്തരവ് പ്രകാരം കേസിന്റെ അന്വേഷണത്തിന് പ്രത്യേക സൈബര്‍ ക്രൈം സ്‌ക്വാഡിനെ നിയോഗിച്ചു. സൈബര്‍ ക്രൈം സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. കുടക് ജില്ലയിലെ മടിക്കേരിയിലെ വാടക വീട്ടില്‍ പ്രതി താമസിക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കര്‍ണാടക പോലിസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ 40000ത്തോളം സിംകാര്‍ഡുകളും 180ലേറെ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാര്‍ഡ് കസ്റ്റമറായ യുവതിക്ക് തന്റെ പേരില്‍ ഇത്തരത്തിലുള്ള ഒരു മൊബൈല്‍ നമ്പര്‍ ആക്റ്റീവായ കാര്യം അറിഞ്ഞിരുന്നില്ല. ഇത്തരത്തില്‍ കസ്റ്റമര്‍ അറിയാതെ ആക്റ്റീവാക്കിയ 40000ത്തിലേറെ സിംകാര്‍ഡുകള്‍ പ്രതി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കമെന്നാണ് പോലിസ് നിഗമനം.

ഏതെങ്കിലും കസ്റ്റമര്‍ സിം കാര്‍ഡ് എടുക്കാന്‍ വേണ്ടി റീട്ടെയില്‍ ഷോപ്പില്‍ എത്തിയാല്‍ കസ്റ്റമര്‍ അറിയാതെ ഫിംഗര്‍ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രികില്‍ പ്രസ് ചെയ്യിപ്പിച്ചാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഇത്തരത്തില്‍ ആക്ടീവാവുന്ന സിം കാര്‍ഡുകള്‍ പ്രതിയുടെ സുഹൃത്തുക്കളായ കടയിലെ ജീവനക്കാര്‍ ഒരു സിംകാര്‍ഡിന് 50 രുപ കൊടുത്തു വാങ്ങുകയാണ് പതിവ്. ഇതിനായി പ്രതി കള്ളപ്പേരില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ പിഒഎസ് ആപ്ലിക്കേഷനുകള്‍ വിവിധ ആളുകളുടെ പേരില്‍ കരസ്ഥമാക്കിയിരുന്നു. കൂടാതെ വിവിധ റീട്ടെയില്‍ ഷോപ്പുകളില്‍ നിന്നു കൊറിയര്‍ മുഖാന്തിരവും പ്രതി സിംകാര്‍ഡ് കരസ്ഥമാക്കുന്നുണ്ട്. സിം കാര്‍ഡുകള്‍ ആക്റ്റീവായ ശേഷം പ്രതി തട്ടിപ്പുകാര്‍ക്ക് ആവശ്യാനുസരണം സിം കാര്‍ഡ് ഒന്നിന് 50 രൂപ നിരക്കില്‍ കൈമാറ്റം ചെയ്യുന്നു. കൂടാതെ വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും ഫഌപ്പ് കാര്‍ഡ്, ഐആര്‍സിടിസി, ആമസോണ്‍ തുടങ്ങിയ വാണിജ്യ പ്ലാറ്റ്‌ഫോമുകളിലും വ്യാജ അക്കൗണ്ടുകള്‍ തുറക്കാനും ഉപയോഗിച്ചു.

മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സൈബര്‍ നോഡല്‍ ഓഫിസറായ ഡിസിആര്‍ബി ഡിവൈഎസ്പി വി എസ് ഷാജു, സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തരഞ്ജന്‍, പ്രത്യേക ജില്ലാ സൈബര്‍ സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ നജ്മുദ്ദീന്‍ മണ്ണിശ്ശേരി, പോലിസുകാരായ പി എം ഷൈജല്‍ പടിപ്പുര, ഇ ജി പ്രദീപ്, കെ എം ഷാഫി പന്ത്രാല, രാജരത്‌നം, മടിക്കേരി പോലിസിലെ പി യു മുനീര്‍ എന്നിവരും സൈബര്‍ പോലിസ് സ്‌റ്റേഷനിലെ സൈബര്‍ വിദഗ്ധരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും കൂടുതല്‍ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it