Sub Lead

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട നടപടി റദ്ദാക്കും

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട നടപടി റദ്ദാക്കും
X
കൊച്ചി: ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയ അപ്രതീക്ഷിത സമരം പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ തീരുമാനിച്ചു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിന്‍വലിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു. റീജനല്‍ ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.

എയര്‍ ഇന്ത്യ ജീവനക്കാരുമായുള്ള തര്‍ക്കത്തില്‍ മാനേജ്‌മെന്റിനെ ലേബര്‍ കമ്മീഷണര്‍ രൂക്ഷമായി വിമര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തൊഴില്‍ നിയമത്തിന്റെ ലംഘനം നടന്നെന്നായിരുന്നു ഡല്‍ഹി റീജനല്‍ ലേബര്‍ കമ്മീഷണറുടെ വിമര്‍ശനം. ജീവനക്കാരുടെ പരാതികള്‍ യാഥാര്‍ഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഉത്തരവാദപ്പെട്ട ആരെയും നിയോഗിച്ചില്ല. അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഡല്‍ഹി റീജനല്‍ ലേബര്‍ കമ്മിഷണര്‍ എയര്‍ ഇന്ത്യ ചെയര്‍മാന് അയച്ച ഇമെയിലിലായിരുന്നു വിമര്‍ശനം.

സമരമുഖത്തുള്ള 200 കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കിയതായി അഭ്യൂഹമുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മലയാളികളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം.

ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ട അവധി എടുത്തത്. ഇതോടെ ബുധനാഴ്ച 90 സര്‍വീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. മിന്നല്‍ പണിമുടക്കിന് കാരണക്കാരായ ചില വ്യക്തികള്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എയര്‍ ഇന്ത്യ ഇന്ന് നടത്തേണ്ടിയിരുന്നത് 285 സര്‍വീസുകളാണ്. ഇതില്‍ 85 സര്‍വീസുകള്‍ റദ്ദാക്കി.

മുടങ്ങിയ 20 റൂട്ടുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്താനും ധാരണയായിരുന്നു. മൂന്നു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് റീഫണ്ടിന് നല്‍കുകയോ പുതുക്കിയ തിയ്യതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യം നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.

കേരളത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇതിലെ സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും മലയാളികളാണ്. കാബിന്‍ ക്രൂവിലെ ഏറ്റവും മുതിര്‍ന്ന തസ്തികകളിലൊന്നായ എല്‍1 വിഭാഗത്തില്‍ പെടുന്നവരായിരുന്നു സമരക്കാരില്‍ കൂടുതലും.

ആളുകളെ തെരുവില്‍ ഇറക്കിവിടുന്ന തരത്തിലുള്ള സമരത്തെ ഒരു വിധത്തിലും അനുവദിക്കില്ല എന്നായിരുന്നു വിമാനക്കമ്പനി മാനേജ്‌മെന്റിന്റെ നിലപാട്. മാത്രമല്ല, മാതൃകമ്പനിയായ ടാറ്റ ഗ്രൂപ്പിനു വലിയ നാണക്കേടുണ്ടാക്കിയ സംഭവമായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് സമരത്തെ വിലയിരുത്തിയിരുന്നു.


Next Story

RELATED STORIES

Share it